കുമ്ബള: പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പദവിയെച്ചൊല്ലി ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച, കുമ്ബള ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി മുന്‍ അധ്യക്ഷന്‍ കൂടിയായ സി.പി.എം അംഗം കൊഗ്ഗു പഞ്ചായത്ത് അംഗത്വം രാജിവെച്ചു.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചത്. 2008ല്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ വിനുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായിരുന്ന കൊഗ്ഗുവിനെ കോടതി ശിക്ഷിച്ചിരുന്നു. ഇതേതുടര്‍ന്നാണ് രാജി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെടെ കേവലം മൂന്നംഗ ബലമുള്ള സി.പി.എം, പ്രതിപക്ഷമായ ബി.ജെ.പിയുടെ ഒമ്ബതംഗങ്ങളുടെ വോട്ടില്‍ സ്ഥിരം സമിതി അധ്യക്ഷ പദവി നേടിയത് വിവാദമായിരുന്നു. പ്രത്യുപകാരമായി ബി.ജെ.പിക്ക് രണ്ട് സ്ഥിരം സമിതി അധ്യക്ഷ പദവികള്‍ ലഭിക്കാന്‍ സി.പി.എം അംഗങ്ങള്‍ വോട്ടു ചെയ്യുകയും ചെയ്തു. കൊഗ്ഗുവായിരുന്നു സി.പി.എം പക്ഷത്തുനിന്നുള്ള സ്ഥിരം സമിതി അധ്യക്ഷന്‍.
എന്നാല്‍, ബി.എം.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്ന കൊഗ്ഗുവിനെ ബി.ജെ.പി അംഗങ്ങള്‍ സ്ഥിരം സമിതി സ്ഥാനത്തേക്ക് പിന്തുണച്ചതും സി.പി.എം പിന്തുണയോടെ അധ്യക്ഷ പദവികള്‍ നേടിയതും ബി.ജെ.പിയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. അതിനിടെയാണ് വിനു വധക്കേസില്‍ കൊഗ്ഗു ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്നത്.
ഈ സംഭവം ബി.ജെ.പിക്കകത്ത് പ്രതിഷേധം ആളിക്കത്താന്‍ കാരണമായി. പ്രതിഷേധച്ചൂടില്‍ പിടിച്ചു നില്‍ക്കാനാവാതെ രണ്ടുമാസം മുമ്ബ് സി.പി.എം, ബി.ജെ.പി സ്ഥിരം സമിതി അധ്യക്ഷന്മാര്‍ തല്‍സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.
പിന്നീട് ജയിലിലായ കൊഗ്ഗു രാജിക്കത്ത് തയാറാക്കി ജയില്‍ സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയാണ് പഞ്ചായത്ത് അംഗത്വം രാജിവെച്ചുകൊണ്ട് സെക്രട്ടറിക്ക് കത്ത് അയച്ചുകൊടുത്തത്. വ്യാഴാഴ്ച സെക്രട്ടറിക്ക് കത്ത് ലഭിച്ചുവെങ്കിലും വെള്ളിയാഴ്ചയാണ് രാജി വിവരം പുറത്തറിയുന്നത്.