സ്കൂളിൽ ബീഫ് കൊണ്ടുവന്നു; ജീവനക്കാരുടെ പരാതിയിൽ പ്രധാനധ്യാപിക അറസ്റ്റിൽ

Latest ഇന്ത്യ

ലഖിംപൂ‍ർ: അസമിലെ സ്കൂളിൽ ബീഫ് കൊണ്ടുവന്നതിന് അധ്യാപികയെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ അസമിലെ ഗോൽപാറ ജില്ലയിലെ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപിക ദാലിമ നെസ്സയെയാണ് ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്നതിന് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ ചില സംഘ്പരിവാർ അനുഭാവികളായ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

മേയ് 14നാണ് അറസ്റ്റിനാസ്പദമായ സംഭവം നടക്കുന്നത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച് ഉച്ചഭക്ഷണ സമയത്ത് അധ്യാപിക കൊണ്ടുവന്ന ബീഫ് ജീവനക്കാരോട് വിളമ്പാൻ ആവശ്യപ്പെട്ട സമയത്ത് രണ്ട് സംഘ്പരിവാർ അനുഭാവികളായ അധ്യാപകരും ഒപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞയുടൻ അധ്യാപകർ പ്രതിഷേധിക്കുകയും മറ്റ് ജീവനക്കാർക്കൊപ്പം ലഖിംപൂർ പൊലീസ് സ്റ്റേഷനിൽ അധ്യാപികയ്‌ക്കെതിരെ പരാതി നൽകുകയും ചെയ്തു.

ഐപിസി സെക്ഷൻ 153എ (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മതവിശ്വാസത്തെ അവഹേളിച്ചുകൊണ്ടുള്ള പ്രവൃത്തികൾ) പ്രകാരമാണ് ഹെഡ്മാസ്റ്റർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഗോൽപാറ എസ്പി മൃണാൾ ദേക പറഞ്ഞു. അധ്യാപികയെ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വിട്ടു. നിലവിൽ അസമിൽ ഗോവധ നിരോധന നിയമം ഏർപ്പെടുത്തിയിട്ടില്ല.

എന്നാൽ 2021 പാസാക്കിയ കശാപ് നിരോധന ബിൽ അനുസരിച്ച് ഹിന്ദു, ജൈന, സിഖ് വിഭാ​ഗക്കാരും ഇതര സസ്യഭോജികളും താമസിക്കുന്നിടങ്ങളിൽ മാംസ വിൽപന നിരോധമുണ്ട്. ഈ വിഭാഗക്കാർ കൂടുതലായി കഴിയുന്ന പ്രദേശങ്ങളിലോ, ക്ഷേത്രങ്ങളുള്ള അഞ്ച് കിലോമീറ്റർ പരിധിയിലോ ആണ് മാസം വിൽപന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *