കാസർകോട്: ദേശീയ പാതയിൽ ഓടോ റിക്ഷയും സ്കൂടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ മരിച്ചു.മുട്ടത്തോടി കോപ്പ ഹിദായത് നഗറിലെ ഇർഫാൻ മൻസിലിലെ ഇബ്രാഹിമിന്റ മകൻ മുഹമ്മദ് അശ്റഫ് (27) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് മൊഗ്രാൽപുത്തൂർ പന്നിക്കുന്നിലാണ് അപകടം. കൂടെ ഉണ്ടായിരുന്ന സഹോദരൻ ഇർഫാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അശ്റഫിന്റെ ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കാണ് യുവാവിന് സാരമായി പരിക്കേറ്റത്. റോഡിൽ വീണ് തലച്ചോർ പുറത്ത് വന്നിരുന്നു. ഓടോറിക്ഷ നിർത്തിയില്ലെന്നും പറയുന്നു.
ഈ മാസം 17 ന് അശ്റഫിന്റെ വിവാഹം നടക്കാനിരിക്കുകയാണ്. ശനിയാഴ്ചയാണ് യുവാവ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പന്നിക്കുന്നിലെ ഉമ്മയുടെ അനുജത്തിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.
മാതാവ്: ഖൈറുന്നീസ. മറ്റ് സഹോദരങ്ങൾ: റസീന,ശാഹിന, ശഹർബാന.