‘5,500 കോടി ചെലവിട്ടു; ബിജെപി ഇതുവരെ വാങ്ങിയത് 277 എംഎൽഎമാരെ’; കേജ്‌രിവാൾ

Latest ഇന്ത്യ

സംസ്ഥാനങ്ങളിൽ സർക്കാരുകളെ അട്ടിമറിക്കാനായി എംഎൽഎമാരെ വാങ്ങാൻ ബിജെപി 5,500 കോടി രൂപ ചെലവിട്ടുവെന്ന ഗുരുതര ആരോപണവുമായി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ.

ഡൽഹിയിലെ 40 എഎപി എംഎൽഎമാരെ വാങ്ങാൻ 800 കോടി ബിജെപി ചെലവഴിച്ചുവെന്ന് കഴിഞ്ഞദിവസം കേജ്‌രിവാൾ ആരോപിച്ചിരുന്നു.വെള്ളിയാഴ്ച ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴാണ് പുതിയ ആരോപണം കേജ്‌രിവാൾ ഉന്നയിച്ചത്.

‘വിവിധ പാർട്ടികളുടെ ഭാഗമായി മത്സരിച്ച് പിന്നീടു ബിജെപിയിൽ ചേർന്നത് ഇതുവരെ 277 എംഎൽഎമാരാണ്. അവർക്ക് 20 കോടി വീതം വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ ആകെ 277 എംഎൽഎമാർക്കായി 5,500 കോടിയാണ് ബിജെപി ചെലവാക്കിയിട്ടുള്ളത്.

ബിജെപിയുടെ ഈ കുതിരക്കച്ചവടം ആണ് രാജ്യത്ത് നാണ്യപ്പെരുപ്പം വർധിപ്പിക്കുന്നത്. ജനങ്ങളുടെ പണം വച്ചാണ് അവർ എംഎൽഎമാരെ വാങ്ങിയത്. സാധാരണക്കാരുടെ ചെലവിൽ എംഎൽഎമാരെ വാങ്ങുകയാണ് ബിജെപി. നാണ്യപ്പെരുപ്പം കാരണം പാവപ്പെട്ട ജനങ്ങളുടെ ജീവിതം തുലാസ്സിലാണ്.

ഇന്ത്യയിലുടനീളം ബിജെപി ‘ഓപ്പറേഷൻ ലോട്ടസ്’ നടത്തിക്കൊണ്ടിരിക്കുന്നു. അടുത്തിടെ അവർ മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിച്ചു. ഇപ്പോൾ ജാർഖണ്ഡിനെയാണ് നോട്ടമിടുന്നത്. വീണ്ടും ഡൽഹിയിൽ കണ്ണുവയ്ക്കുന്നു. എഎപി സർക്കാരിനെ അട്ടിമറിക്കാൻ വലിയ ഗൂഢാലോചനയാണ് നടത്തിയത്.’കേജ്‌രിവാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *