‘ചിലര്‍ക്ക് എത്ര കിട്ടിയാലും മതിയാവില്ല, അത് വേറെ കാര്യം’; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ അപമാനിച്ച് എംഎല്‍എ

Latest

കൊച്ചി: കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ അപമാനിച്ച് ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കഴിയുന്ന രീതിയില്‍ സര്‍ക്കാര്‍ സഹായം നല്‍കി വരുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് എത്ര കിട്ടിയാലും മതിയാവില്ലെന്ന കുഞ്ഞമ്പുവിന്റെ പരാമര്‍ശമാണ് വിവാദമായത്. പരാമര്‍ശം പിന്‍വലിച്ച് എംഎല്‍എ മാപ്പ് പറയണമെന്ന ആവശ്യം ശക്തമായി.’കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് മിക്കവാറും എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി പറഞ്ഞ 5 ലക്ഷം രൂപ ലിസ്റ്റില്‍പെട്ട എല്ലാവര്‍ക്കും കൊടുത്തു കഴിഞ്ഞു. കാറ്റഗറി തിരിച്ചാണ് കൊടുത്തത്.

മെഡിക്കല്‍ കോളേജും റീഹാബിലിറ്റേഷന്‍ കേന്ദ്രവും ആരംഭിച്ചത് എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടിയാണ്. വിവിധ ആശുപത്രികളില്‍ അവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നുണ്ട്. പരമാവധി ചെയ്യുന്നുണ്ട്. പറ്റാവുന്നത്ര ചെയ്യുന്നുണ്ട്. അതല്ലേ കഴിയൂ. എത്രകിട്ടിയാലും മതിയാവില്ല ചിലര്‍ക്ക്. അത് വേറെ കാര്യം.’ എന്നാണ് ചാനല്‍ ചര്‍ച്ചയില്‍ സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി കൂടിയായ സി എച്ച് കുഞ്ഞമ്പു പറഞ്ഞത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദയാബായ് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമയം തുടരുന്നതിനിടെയാണ് എംഎല്‍എയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം ദയാബായിയെ കണ്ട് മന്ത്രിമാരായ വീണാ ജോര്‍ജ്ജും ആര്‍ ബിന്ദുവും അനുനയത്തിന് ശ്രമിച്ചെങ്കിലും സമരം നിര്‍ത്തുന്ന കാര്യം ആലോചിച്ചു പറയാമെന്നായിരുന്നു ദയാബായിയുടെ നിലപാട്.

ദുരിത ബാധിതര്‍ക്ക് മികച്ച ചികിത്സ, കാസര്‍ഗോട്ട് എയിംസ്, കുട്ടികള്‍ക്കായ് പകല്‍ കരുതല്‍ കേന്ദ്രം, ദുരിത ബാധിതരെ കണ്ടെത്താന്‍ മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ ആവശ്യങ്ങളാണ് ദയാബായ് മുന്നോട്ട് വെക്കുന്നത്.

ഇതില്‍ 90 ശതമാനവും അംഗീകരിച്ചെന്നും രേഖാമൂലം നല്‍കാമെന്നും മന്ത്രിമാര്‍ ബയാബായിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രായോഗികമായി എന്തുനടപടിയെടുത്തുമെന്ന് അറിയിക്കണമെന്ന് ദയാബായ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *