തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുൻ എം.പിയും കേരള കോൺഗ്രസ് നേതാവുമായ പി.സി തോമസ് തിരുവനന്തപുരം കണ്ടോൾമെൻറ് പൊലീസിൽ പരാതി നൽകി. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത്, എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് അകലം പോലും പാലിക്കാതെ പ്രതികൾ കൂട്ടമായി നിന്ന് ‘സന്തോഷം’ പങ്കിടുവാനായി കേക്ക് മുറിച്ച് വിതരണം ചെയ്തുവെന്ന് പരാതിയിൽ പി.സി തോമസ് ആരോപിച്ചു. പരാതിയിൽ ഒന്നാം പ്രതിയായി മുഖ്യമന്ത്രിയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
