ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും തുടരുന്നു. ഉത്തർ പ്രദേശിലെ കാൺപുരിൽ ശീതതരംഗം കാരണം കഴിഞ്ഞ മൂന്നുദിവസത്തിനിടെ 25 പേർ മരിച്ചു. വിമാനസർവീസുകളും ട്രെയിൻ ഗതാഗതവും വൈകുകയാണ്.ജമ്മു കശ്മീരിലാണ് തണുപ്പ് ഏറ്റവും രൂക്ഷം. ലേയിൽ താപനില തുടർച്ചയായി -15 ഡിഗ്രിയ്ക്കും താഴെയാണ് രേഖപ്പെടുത്തുന്നത്. ഡൽഹിയിലെ സഫ്ദർജങ്ങിൽ 1.9 ഡിഗ്രിയാണ് ഞായറാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില.
പെട്ടെന്ന് താപനില താഴ്ന്നതിനെ തുടർന്ന് ഉത്തർ പ്രദേശിലെ കാൺപുരിൽ കഴിഞ്ഞ ദിവസം 25 മരണം റിപ്പോർട്ട് ചെയ്തിരുന്നു. രക്തസമ്മർദം പെട്ടെന്ന് കൂടിയതും രക്തം പെട്ടെന്ന് കട്ടപിടിച്ചതും ഹൃദയാഘാതത്തിലേക്ക് നയിച്ചതാണ് 25 പേരുടെയും മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.17 പേർ ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചതായും ഡോക്ടർമാർ കൂട്ടിച്ചേർത്തു.
ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് 723 പേർ കഴിഞ്ഞ ദിവസങ്ങളിൽ അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ തേടിയിട്ടുമുണ്ട്.മൂടൽമഞ്ഞ് ഗതാഗതസംവിധാനങ്ങളെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചവരെ മാത്രം ഡൽഹി വിമാനത്തിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന 20 വിമാനങ്ങൾ വൈകി.
ഉത്തരേന്ത്യയിലൂടെ ഓടുന്ന 42 തീവണ്ടികളും വൈകി ഓടുന്നു.അതിശൈത്യം ജനജീവിതം ദുസ്സഹമാക്കുകയാണ്. കനത്ത മൂടൽമഞ്ഞ് രണ്ടുദിവസം കൂടി തുടരുമെന്നാണ് വിവരം. അതിശൈത്യവും തുടരുമെന്നാണ് മുന്നറിയിപ്പ്.