കണ്ണൂർ: ടാങ്ക് നിറയെ എണ്ണയടിച്ചാൽ ചൂടിൽ വാഹനം കത്തിപ്പോകുമെന്ന് ഇന്ത്യൻ ഓയിലിന്റെ പേരിൽ വ്യാജ സന്ദേശം. കണ്ണൂരിൽ കാർ കത്തിയ സമയത്ത് വീണ്ടും വ്യാജസന്ദേശം ഇറങ്ങിയതിൽ വാഹന ഉടമകൾ പേടിയിലാണ്. സാമൂഹികമാധ്യമങ്ങളിലെ സന്ദേശം വീടുതൊട്ട് പെട്രോൾപമ്പുവരെ ചർച്ചചെയ്യപ്പെടുകയാണ്.ഇത് വ്യാജ സന്ദേശമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. വരുംദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും അതിനാൽ വാഹന ടാങ്കിൽ പൂർണമായി പെട്രോൾ നിറയ്ക്കരുതെന്നുമാണ് സന്ദേശം. പകുതി ടാങ്ക് ഇന്ധനം നിറച്ച് വായുവിന് ഇടംനൽകുക.
പരമാവധി പെട്രോൾ നിറച്ചതിനാൽ ഈയാഴ്ച അഞ്ച് സ്ഫോടന അപകടങ്ങൾ സംഭവിച്ചെന്നും സന്ദേശത്തിൽ പറയുന്നു.പെട്രോൾ ടാങ്ക് ദിവസത്തിൽ ഒരിക്കൽ തുറന്ന് അകത്ത് കെട്ടിക്കിടക്കുന്ന വാതകം പുറത്തേക്ക് വിടണം. ഇതിനൊപ്പം ഈ സന്ദേശം മറ്റുള്ളവർക്ക് അയക്കാനും നിർദേശിക്കുന്നു. ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശം പ്രചരിപ്പിക്കപ്പെടുന്നു.വ്യാജസന്ദേശം -ഐ.ഒ.സി.എൽ. ഇംഗ്ലീഷും മലയാളവും ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ പങ്കുവെയ്ക്കുന്നത് വ്യാജ സന്ദേശമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് വീണ്ടും ട്വീറ്റിലൂടെ അറിയിച്ചു.
വാഹന നിർമാതാക്കൾ നിശ്ചയിച്ച പൂർണപരിധിവരെ ഇന്ധനം നിറയ്ക്കാം.വേനലിലോ മഴക്കാലത്തോ ഒന്നും സംഭവിക്കില്ല. ഇത് അടിസ്ഥാനരഹിത പ്രചരണമാണെന്ന് വാഹന വിദഗ്ധർ പറയുന്നു. എന്നാൽ ഇൻലെറ്റ് പൈപ്പിൽ (നെക്ക്) വരെ ഇന്ധനം അടിക്കുന്ന പ്രവണത ഒഴിവാക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ നിർദേശിച്ചു.നെക്കിൽ കുറച്ച് സ്ഥലം (സ്പേസ്) ഒഴിച്ചിട്ടാൽ വായു ബാഷ്പീകരിക്കുന്നത് തടയും.
വായു പോകാത്തവിധം നിറഞ്ഞാൽ അതിൽ ചൂടുള്ള സമയം മർദം കൂടി ടാങ്കിന് തകരാർ വരും. ഫുൾ ടാങ്ക് അടിക്കുന്നതിന് പകരം അൽപ്പം സ്ഥലം വിട്ട് (ബ്രീത്തിങ്) അടിക്കുന്നത് എപ്പോഴും നല്ലതാണെന്ന് മെക്കാനിക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.ഏത് വാഹനത്തിലും ഫുൾടാങ്ക് ശേഷിയുടെ കുറച്ച് അധികം അടിച്ചാലും ഒരു കുഴപ്പവും വരില്ലെന്നാണ് ഇന്ധന ഏജൻസികളുടെ അഭിപ്രായം.
30 ലിറ്റർ ഫുൾടാങ്ക് ശേഷിയുള്ള കാറിൽ ശരിക്കും 35 ലിറ്റർ വരെ കൊള്ളും. ബാഷ്പീകരണസാധ്യതകൂടി കണക്കാക്കിയാണ് വാഹനത്തിന്റെ ഫുൾടാങ്ക് ശേഷി തീരുമാനിക്കുന്നതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ടോമി തോമസ് പറഞ്ഞു.