കര്‍ണാടകയില്‍ യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു; ഏഴുപേര്‍ കസ്റ്റഡിയിലെന്ന് സൂചന…..

Latest ഇന്ത്യ

ബെംഗളൂരു: കർണാടകയിൽ യുവമോർച്ച നേതാവിനെ കുത്തിക്കൊന്നു. ധർവാഡിലെ കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോർച്ച നേതാവുമായ പ്രവീൺ കമ്മാർ(36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.30- ഓടെയായിരുന്നു സംഭവം.ഗ്രാമത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാത്രി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റായ പ്രവീൺ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുകയും ഇരുവിഭാഗങ്ങളെയും സ്ഥലത്തുനിന്ന് മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ ഇതിനുപിന്നാലെ ഒരുവിഭാഗം പ്രവീൺ കമ്മാറിനെ ആക്രമിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

മുഖത്തും മറ്റും മർദിച്ചതിന് പിന്നാലെയാണ് പ്രവീണിന്റെ കഴുത്തിലും വയറ്റിലും അക്രമികൾ കത്തി കൊണ്ട് കുത്തിയത്. ഉടൻതന്നെ ജില്ലാ ആശുപത്രിയിലും പിന്നീട് എസ്.ഡി.എം. മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയവൈരാഗ്യമുണ്ടോ എന്നകാര്യം പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, പ്രവീൺ കമ്മാറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് ബി.ജെ.പി. നേതാക്കളുടെ ആരോപണം. രാഷ്ട്രീയ എതിരാളികളാണ് പ്രവീണിനെ കൊലപ്പെടുത്തിയതെന്നും കൊലയാളികളെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നും യുവമോർച്ച ദേശീയ അധ്യക്ഷനായ തേജസ്വി സൂര്യ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ധർവാഡ് എം.എൽ.എ. അമൃത് ദേശായി തുടങ്ങിയവർ എസ്.ഡി.എം. ആശുപത്രിയിലെത്തി.

കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം തുടരുന്നതിനിടെയാണ് ധർവാഡിൽ ബി.ജെ.പി. യുവമോർച്ച നേതാവ് കൊല്ലപ്പെട്ടിരിക്കുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് മേഖലയിൽ പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *