അബുദാബി • പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനിടെ പരുക്കേറ്റ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഫാഫ് ഡുപ്ലെസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് താരമായ ഡുപ്ലെസിക്കു ഫീൽഡിങ്ങിനിടെ സഹതാരം മുഹമ്മദ് ഹസ്നൈനുമായി കൂട്ടിയിടിച്ചാണു പരുക്കേറ്റത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്കു മാറ്റിയ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമിക്കെതിരായ മത്സരത്തിലാണ് ഗ്ലാഡിയേറ്റേഴ്സിന്റെ താരമായ ഡുപ്ലേസിക്ക് പരുക്കേറ്റത്. കൺകഷൻ ഉണ്ടായെന്ന സംശയത്തെ തുടർന്ന് വിശദ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
പെഷവാർ സാൽമി ബാറ്റു ചെയ്യുന്നതിനിടെ ഏഴാം ഓവറിലാണ് സംഭവം. ബൗണ്ടറി തടയാൻ ഡൈവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഹസ്നൈനിന്റെ കാൽമുട്ട് ഡുപ്ലെസിയുടെ തലയിൽ ഇടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൗണ്ടറിക്ക് അരികിൽ വീണ താരത്തെ ഉടൻ തന്നെ അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ താരം ടീം താമസിക്കുന്ന ഹോട്ടലിൽ തിരിച്ചെത്തിയതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി സയിം അയൂബിനെ ഇറക്കിയാണ് ഗ്ലാഡിയേറ്റേഴ്സ് മത്സരം പൂർത്തിയാക്കിയത്. മത്സരം അവർ 61 റൺസിനു തോറ്റു.