ബംഗളൂരു: പിതാവിന്‍റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മകൻ ഡോക്ടറെയും നഴ്സിനെയും ആക്രമിച്ചു.ബംഗളൂരു ബന്നർഘട്ടയിലാണ് സംഭവം. ബംഗളൂരു സ്വദേശിയായ ജഗദീഷ് കുമാർ എന്നയാളാണ് ഐസിയുവിനുള്ളിൽ കയ്യേറ്റം നടത്തിയത്. റിപ്പോർട്ടുകൾ അനുസരിച്ച് ജഗദീഷിന്‍റെ പിതാവിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മധ്യവയസ്കനായ ഇയാൾ പിന്നീട് കോവിഡ് മുക്തനായെങ്കിലും ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായി തുടരുകയാണ്. അക്രമം നടന്ന ദിവസം ഇയാളുടെ അവസ്ഥ വളരെ മോശമായിരുന്നു. ഇക്കാര്യം കുടുംബത്തെ അറിയിക്കുകയും ചെയ്തു. ശ്വാസകോശത്തിലെ അണുബാധ വഷളാവുകയാണെന്നും നിലവിൽ നോൺ-കോവിഡ് ഐസിയുവിൽ രോഗിയെ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് ഡോക്ടർ അറിയിച്ചത്. ആരോഗ്യനില വളരെ മോശമായി വരികയാണെന്നും വ്യക്തമാക്കിയിരുന്നു.
ഇതുകേട്ട് അസ്വസ്ഥനായ ജഗദീഷ്, ഐസിയുവിലേക്ക് ഇരച്ചു കയറി കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഡോക്ടറുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ ശേഷം ആക്രമണം നടത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരു നഴ്സിനെയും ഇയാൾ ആക്രമിച്ചു.
ഐസിയു ആയതിനാൽ തന്നെ ഇവിടെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല. പിന്നാലെ ആശുപത്രി അധികൃതർ തന്നെ പൊലീസിനെ വിവരം അറിയിച്ച് ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ജഗദീഷിനെ അറസ്റ്റ് ചെയ്തു. നിലവിൽ ഇയാള്‍ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്. അച്ഛന്‍റെ ആരോഗ്യനിലയോർത്തുള്ള മനോവിഷമം കൊണ്ട് നിയന്ത്രണം വിട്ടു പോയതെന്നാണ് സംഭവത്തിൽ ജഗദീഷിന്‍റെ വിശദീകരണം.