ചെർക്കള :ആളൊഴിഞ്ഞ കെട്ടിടത്തിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഉപ്പളയിലെ അബ്ദുൽ റൗഫ് (മീശ റൗഫ്-43), മഞ്ചേശ്വരം പാവൂരിലെ അബ്ദുൽ ഖാദർ (33) എന്നിവരെയാണ് ചെങ്കള ബാലടുക്കയിൽ നിന്നു പിടിയിലായത്.ഹാമർ, അരമീറ്റർ നീളത്തിലുള്ള കമ്പിപ്പാര, സ്ക്രൂ ഡ്രൈവർ എന്നിവ ഇവരിൽ നിന്നു കണ്ടെടുത്തു.
വിദ്യാനഗർ എസ്ഐ നിബിൻ ജോയിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. രണ്ടു പേർ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. മോഷണശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവർ എത്തിയ ബൈക്ക് ഇവിടെ നിന്നു 50 മീറ്റർ ദൂരെയുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ഇന്നലെ പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച രാത്രി 11 നാണ് ചെർക്കള ടൗണിൽ നിന്നു 300 മീറ്റർ അകലെ പാടി റോഡരികിലെ ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ നാലുപേരെ സംശയകരമായ സാഹചര്യത്തിൽ നാട്ടുകാർ കണ്ടത്.
