ലണ്ടൻ: പോർചുഗീസ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പള്ളിയിലിരുന്ന് ഖുർആൻ പാരായണം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വിഡിയോ ടിക്ടോകിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രിസ്റ്റ്യാനോ ഖുർആൻ പാരായണം ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വിഡിയോ നിരവധിയാളുകളാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ദശലക്ഷക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്.
എന്നാൽ വിഡിയോയിൽ ഉള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ലെന്നും താരത്തോട് സാദൃശ്യമുള്ള ബേവാർ അബ്ദുല്ലയാണെന്നും ഇന്ത്യ ടുഡേ ആന്റിഫേക്ക് ന്യൂസ് വാർ റൂം കണ്ടെത്തി.
ഇറാഖുകാരനായ അബ്ദുല്ല ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലാണ് താമസിക്കുന്നത്. ക്രിസ്റ്റ്യാനോയുടെ ‘അപരൻ’ എന്ന നിലയിൽ ശ്രദ്ധേയനാണ് അബ്ദുല്ല. 2019ൽ ഇറാഖിൽ നിന്ന് ബ്രിട്ടനിൽ എത്തിയ അബ്ദുല്ല കെട്ടിട നിർമാണ തൊഴിലാളിയാണ്.
വൈറലായ വിഡിയോക്ക് താഴെ നിരവധി പേർ ഇത് ക്രിസ്റ്റ്യാനോ തന്നെയാണോ എന്ന് സംശയം പ്രകടിപ്പിച്ചു. വിഡിയോയുടെ അവസാനത്തിൽ വിഡിയോ നിർമിച്ചയാളുടെ പേര് ഉൾപെടുത്തുന്ന രീതി ടിക്ടോക്കിനുണ്ട്.