മെഡിക്കൽ പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യമെമ്പാടും സെപ്തംബർ 12ന് നടക്കും. നാളെ (ജൂലായ് 13) വൈകിട്ട് 5 മണി മുതൽ എൻ.ടി.എ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് അറിയിച്ചു.
നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന് 198 ആക്കി വര്‍ധിപ്പിച്ചു.
എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് മുഖാവരണം നല്‍കും. പരീക്ഷ ഹാളിലേക്ക് കടക്കാനും പുറത്തുപോകാനും സമയക്രമം നിശ്ചയിക്കും. സാനിറ്റൈസര്‍, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.