കാസര്‍കോട്: ഇംഗ്ലീഷ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ സര്‍വീസ് സേവനങ്ങളുടെ പേരില്‍ കാസര്‍കോട് ജില്ലയിലും തട്ടിപ്പ് നടന്നതായി പരാതി ഉയരുന്നു. മലേഷ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്യൂ നെറ്റ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ മൊബൈല്‍ ആപായ ട്രിപ്പ് സേവറിന്റെ പേരിലാണ് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി യുവതി യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ള യുവാക്കളടക്കം തട്ടിപ്പിനിരയായതായി വിവരം പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതുമായി ക്യൂനെറ്റ് കമ്പനിക്കെതിരെ പരാതി ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ അടക്കം വിവിധ ജില്ലകളില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. കാസര്‍കോട് ജില്ലയിലും തട്ടിപ്പ് നടത്തിയെന്നാണ് വിവരം ബേഡഡുക്ക പഞ്ചായത്തിലെ ബേളന്തടുക്കം സ്വദേശി ഇതിനകം തന്നെ നിരവധി ആളുകളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ വാങ്ങിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. തട്ടിപ്പു സംഘത്തിന് എതിരെ ശക്തമായ അന്വേഷണം നടത്തി പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണം എന്നാണ് പൊതുവേ ഉയര്‍ന്നിട്ടുള്ള ആവശ്യം.