കുമ്പള ▪️ കോവിഡ് മഹാമാരിയില്‍ തൊഴിലില്ലാതെ ദുരിതത്തിലായ ചവിട്ട് വല മത്സ്യത്തൊഴിലാളികള്‍ ഒന്നര വര്‍ഷത്തിന് ശേഷം വലയെറിഞ്ഞു. തുടക്കം തരക്കേടില്ലാത്ത മത്സ്യവും ലഭിച്ചത് തൊഴിലാളികള്‍ക്ക് ആശ്വാസമായി.
കടലമ്മ കനിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പെര്‍വാഡ്, മൊഗ്രാല്‍ പ്രദേശങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. തോണികളില്‍ കടലില്‍ പോയി വലയെറിഞ്ഞു കരയില്‍ നിന്ന് ഇരു ഭാഗങ്ങളിലായി വലിച്ചെടുക്കുന്നതാണ് ചവിട്ട് വല എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ മത്സ്യബന്ധനത്തിന് 75 വര്‍ഷത്തെ പഴക്കമുണ്ട്.
പഴയകാലത്ത് ആയിരക്കണക്കിനാളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്തിരുന്നു. മത്സ്യ ലഭ്യത കുറഞ്ഞതോടെ തൊഴിലാളികള്‍ മറ്റു വഴികള്‍ തേടി പോവുകയായിരുന്നു. ഇപ്പോള്‍ നൂറോളം പേര്‍ മാത്രമാണ് ചവിട്ട് വലയെ ആശ്രയിച്ചു തൊഴിലെടുക്കുന്നത്.