കാസർകോട് മീപ്പുഗുരിയിൽ വൈദ്യുതി തൂണിടിച്ചു തകർത്ത കാറുടമയിൽ നിന്ന് 20000 രൂപ നഷ്ടപരിഹാരം ഈടാക്കാൻ നടപടി

Latest പ്രാദേശികം

കാസർകോട് ∙ എച്ച്ടി വൈദ്യുതി ലൈനിലെ തുണിടിച്ചു തകർത്ത കാറിന്റെ ഉടമയിൽ നിന്ന് 20000 രൂപ നഷ്ടപരിഹാരം ഈടാക്കാൻ നടപടി. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണു മധൂർ -കാസർകോട് റൂട്ടിൽ മീപ്പുഗുരിയിലെ വൈദ്യുതി തൂൺ കാറിടിച്ചു തകർന്നത്. നെടുകെ പിളർന്നു തൂങ്ങി നിൽക്കുകയായിരുന്നു തൂൺ. ഇടിച്ചു കടന്നു കളഞ്ഞ കാർ സിസിടിവി ക്യാമറ ദൃശ്യം പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു കണ്ടെത്താനായത്.

തൂൺ തകർന്നതിനാൽ 16 ഫീഡറുകളിലെ വൈദ്യുതി ബന്ധമാണു മുറിഞ്ഞത്. അരമണിക്കൂറിനു ശേഷം 4 ഫീഡറുകളിലൊഴികെയുള്ളവയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. 4 ട്രാൻസ്ഫോമറുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ ലൈനിലേക്കുള്ള വൈദ്യുതി.തൂൺ മാറ്റി സ്ഥാപിച്ചു ലൈനുകൾ വലിച്ചു കെട്ടി ഉച്ച കഴിഞ്ഞാണു വൈദ്യുതി പൂർണമായും പുനഃസ്ഥാപിച്ചത്. തൂണിന്റെയും കമ്പിയുടെയും വിലയും തൊഴിലാളികൾക്കു നൽകിയ കൂലിയും അടക്കമുള്ള തുകയാണു കാർ ഉടമയോടു നഷ്ടപരിഹാരമായി നൽകാൻ നിർദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *