കർണാടകത്തിൽനിന്ന് കാറഡുക്ക ബ്ലോക്കിലേക്ക് വിതരണം ചെയ്യാനായി പശുവിനെ എത്തിച്ച പിക്കപ്പ് വാൻ അതിർത്തിയായ കല്ലടക്കയിൽ തടഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയെ ആദൂർ പൊലീസ് പിടികൂടി. ബിജെപി പ്രവർത്തകനായ ദേലംപാടി ബെള്ളിപ്പാടി സ്വദേശി പ്രശാന്തിനെ തിങ്കളാഴ്ച രാത്രി എട്ടിന് മടിക്കേരിയിൽനിന്ന് ആദൂർ എസ് ഐ ഇ രത്നാകരനാണ് അറസ്റ്റ് ചെയ്‌തത്.
ആഗസ്ത് 12 നാണ് സംഭവം നടന്നത്. അതിർത്തിയിൽ പണം ആവശ്യപ്പെട്ട് വണ്ടിയെ തടഞ്ഞു നിർത്താൻ ശ്രമിച്ചു. നിർത്താതെ വന്ന വണ്ടിയെ സുനിൽ, പ്രശാന്ത് എന്നിവർ ബൈക്കിൽ പിന്തുടർന്നു. അതിർത്തിയിൽ ബൈക്ക് കുറുകെ വെച്ച് പണം ആവശ്യപ്പെട്ടു. പശുക്കടത്ത് നടത്തുന്നതിനാൽ 2000 രൂപ വേണമെന്നായിരുന്നു ആവശ്യം. രേഖകൾ കാണിച്ചപ്പോൾ പോക്കറ്റിൽ കൈയിട്ട് 6500 രൂബ തട്ടിപ്പറിച്ച് കടന്നു കളഞ്ഞു. പ്രതികളായ രണ്ട് പേരും സജീവ ബിജെപി പ്രവർത്തകരാണ്.