കാബൂള്‍: അഫ്‌ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്ത താലിബാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു. അതേസമയം, താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതോടെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടു. ഈ സാഹചര്യത്തില്‍ താലിബാന്റെ അടുത്ത നീക്കം എന്താണെന്ന് ഉറ്റു നോക്കുകയാണ് ലോകരാജ്യങ്ങള്‍.
താലിബാന് അധികാരം എങ്ങനെ കെെമാറുമെന്നത് വ്യക്തമല്ല. അതേസമയം, പാശ്ചാത്യ പിന്തുണയുളള സര്‍ക്കാര്‍ സമാധാനപരമായി കീഴടങ്ങാന്‍ കാത്തിരിക്കുകയാണെന്ന് താലിബാന്‍ പ്രതികരിച്ചു. സമാധാനപരവും തൃപ്തികരവുമായ അധികാര കൈമാറ്റം അംഗീകരിക്കുന്നതുവരെ കാബൂളിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും താലിബാന്‍ അംഗങ്ങള്‍ സന്നദ്ധരായിരിക്കണമെന്ന് വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.കാബൂള്‍ താലിബാന്റെ കെെപ്പിടിയിലൊതുങ്ങിയതിനു പിന്നാലെ അമാധാനപരമായ അധികാര കെെമാറ്റം ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്‌വാല്‍ പറഞ്ഞിരുന്നു. നഗരത്തിന് നേരെ ആക്രമണം ഉണ്ടാകില്ല, സമാധാനപരമായ കൈമാറ്റം ഉണ്ടാകുമെന്ന് സമ്മതിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ സാഹചര്യത്തില്‍ എല്ലാത്തരത്തിലും അഫ്ഗാനില്‍ നിലവില്‍ താലിബാന് അനുകൂല സാഹചര്യമാണെന്ന് കരുതേണ്ടിവരും.
ശരീയത്ത് നിയമങ്ങളെന്ന പേരില്‍ തങ്ങളുടെ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനായി താലിബാന്‍ പഴയ കടുത്ത നടപടികളിലേക്ക് മടങ്ങുമെന്ന് പല അഫ്ഗാനികളും ഭയപ്പെടുന്നു. ലോക രാജ്യങ്ങള്‍ ഇത്രയും വേഗം തങ്ങളെ കെെവിടുമെന്ന് കരുതിയില്ല എന്ന അഫ്ഗാന്‍ ജനതയുടെ വിലാപങ്ങളും പല അന്താരാഷ്ട്ര മാദ്ധ്യമ റിപ്പോര്‍ട്ടുകളിലും കാണാനാകും. മയക്കുമരുന്ന് കച്ചവടത്തിലൂടെ സ്വരൂപിച്ച പണക്കൊഴുപ്പില്‍ ഭീകരര്‍ അഫ്ഗാന്റെ അധികാര കേന്ദ്രങ്ങളില്‍ സ്ഥാനമുറപ്പിച്ചാല്‍ അത് ലോകത്തിന് നല്‍കുക തെറ്റായ സന്ദേശമാകും. അധികാരത്തേക്കാളുപരി, നാളെ ഈ സന്ദേശം ലോകത്തെ ഭീകര്‍ക്ക് മുന്നില്‍ പുതുവഴികളും ലക്ഷ്യങ്ങളും തെളിച്ചേക്കാം. ഇതൊരു തുടക്കം മാത്രമാകാം.