കാസര്‍കോട്: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് കാസര്‍കോട് ജില്ലാ അസോസിയേഷന്റെ പുതിയ കമ്മീഷണര്‍ പദവിയിലേക്ക് അജിത് സി കളനാട് തെരഞ്ഞെടുക്കപ്പെട്ടു. ദേശീയതലത്തില്‍ വന്ന പുതിയ ഭേദഗതി പ്രകാരം ആണ് റോവര്‍ സ്‌കൗട്ട് വിഭാഗത്തില്‍ അജിത്തിന് ജില്ലയുടെ കമ്മീഷണര്‍ പദവി ലഭിച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ഈ പ്രസ്ഥാനത്തില്‍ സജീവമാണ്. ജി എച്ച് എസ് ചന്ദ്രഗിരിയില്‍ പഠിക്കുമ്പോള്‍ 1990 ല്‍ സ്‌കൗട്ട്‌സ് മാസ്റ്റര്‍ സുഗതന്‍ മാഷിന്റെ സ്‌കൗട്ട്‌സ് ഗ്രൂപ്പില്‍ അംഗമായിട്ടായിരുന്നു തുടക്കം. ഈ വിദ്യാലയത്തിലെ ആദ്യ രാജ്യപുരസ്‌കാര്‍ സ്‌കൗട്ട് ആയിരുന്നു അന്ന് അജിത്. പിന്നീട് തളങ്കര മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വി എച്ച് എസ് സി ക്ക് പഠിക്കുമ്പോള്‍ അവിടുത്തെ സ്‌കൗട്ട് ടീമിനെയും പ്രോത്സാഹിപ്പിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി പരിപാടിയില്‍ പല തവണ പങ്കെടുത്തിരുന്നു. നിരവധി റോവേഴ്സുകള്‍ക്ക് അജിത് നയിക്കുന്ന ചന്ദ്രഗിരി റോവര്‍ ക്രൂവിലൂടെ വിവിധ ക്യാമ്പിലും പരിപാടിയിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അധ്യാപകന്‍ അല്ലാത്ത ഒരു വ്യക്തി ഈ പദവിയില്‍ എത്തുന്നത് കാസര്‍കോടിന്റെ ചരിത്രത്തില്‍ ആദ്യം. എല്‍ ഐ സി ഓഫ് ഇന്ത്യ കാസര്‍കോട് ബ്രാഞ്ചിലെ ഒരു ഏജന്റ് എന്ന നിലയില്‍ ഇദ്ദേഹം എല്‍ ഐ സി കാര്‍ക്കും എന്നും അഭിമാനം ആകുന്നു. 1996-97 ല്‍ ആണ് ചന്ദ്രഗിരി ഹൈസ്‌കൂളില്‍ വച്ച് റോവര്‍ ക്രൂവിന്റെ ഉദ്ഘാടനം. വര്‍ഷങ്ങളോളം ചെമ്പിരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ചന്ദ്രഗിരി റോവേഴ്‌സ് ഇന്ന് കേരളം മുഴുവന്‍ ശ്രദ്ധേയമാണ്.1999 ല്‍ തിരുവനന്തപുരം പാലോട് വച്ച് ബേസിക് കോഴ്സ് കഴിഞ്ഞു ശേഷം അഡ്വാന്‍സ് കോഴ്‌സും വര്‍ഷങ്ങള്‍ക്ക് ശേഷം ദേശീയ പരിശീലന കേന്ദ്രമായ മധ്യപ്രദേശ് പശ്ചിമാര്‍ഹിയില്‍ വച്ച് ഹിമാലയ വുഡ് ബാഡ്ജും കരസ്ഥമാക്കി. സ്‌കൗട്ട്‌സ് മാസ്റ്റേഴ്‌സ് ബേസിക് കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അജിത് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ആയും സ്ഥാനം അലങ്കരിച്ചിരുന്നു. ഏറെ വര്‍ഷക്കാലം കാസര്‍കോട് ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ആയിരുന്നു. റോവര്‍ വിഭാഗം ഹെഡ് ക്വാര്‍ട്ടേര്‍സ് കമ്മീഷണര്‍ ആയിരുന്നു. ചന്ദ്രഗിരിയുടെ പേരില്‍ തന്നെ പുതുതായി രണ്ട് റോവര്‍, മൂന്ന് റെയിഞ്ചേഴ്സ്, ഒരു ഓപ്പണ്‍ സ്‌കൗട്ട്, ഒരു ഓപ്പണ്‍ ഗൈഡ് യൂണിറ്റുകള്‍ക്ക് ജന്മം കൊടുക്കാന്‍ ഏറെ സഹായിച്ചു ഇദ്ദേഹം. ജില്ല മുഴുവന്‍ റോവര്‍ വിഭാഗം വളര്‍ത്താനാണ് ഇനി ശ്രമിക്കുകയെന്നു അദ്ദേഹം പറഞ്ഞു. നിരവധി കുട്ടികള്‍ക്ക് കലാപരിശീലനം നല്‍കിയ അജിത് പൊതുവെ മികച്ച നാടക നടനും നിരവധി വേദിയില്‍ കഴിവ് തെളിയിച്ച അവതാരകന്‍ കൂടിയാണ്. ജെസിഐ പാലക്കുന്നിലൂടെ വളര്‍ന്ന അജിത് അറിയപ്പെടുന്ന സ്റ്റുഡന്റ് മോട്ടിവേഷണല്‍ പരിശീലകന്‍ കൂടിയാണ്. SPC, SVC, NSS പോലെയുള്ള സംഘടനയുടെ സംസ്ഥാന ജില്ലാ തലത്തില്‍ പരിശീലകനുമാണ്. നിരവധി പരിപാടികള്‍ വിജയിപ്പിക്കാന്‍ മുന്നില്‍ നിന്നിട്ടുള്ള ഇദ്ദേഹം മികച്ച പ്രോഗ്രാം ഓര്‍ഗനൈസര്‍ ആണ്. കലാകാരന്മാരുടെ സംഘടനയായ നന്മയുടെ ഉദുമ മേഖല സെക്രട്ടറി, ജി എല്‍ പി എസ് ഉദുമ എസ് എം സി ചെയര്‍മാന്‍, അംബിക കോളേജ് പാലക്കുന്ന് പൂര്‍വ്വ വിദ്യര്‍ത്ഥി കൂട്ടായ്മയായ ACOSWA യുടെ ജനറല്‍ സെക്രട്ടറി, ജെസിഐ പാലക്കുന്ന് പ്രസിഡന്റ്, കീഴൂര്‍ ശ്രീ കളരി അമ്പലം ഭരണ സമിതി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ചുവരുന്നു. തപസ്യയുടെ വിദ്യാസാരഥി പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങളും ആദരവും ലഭിച്ച അജിത്തിന് സ്‌കൗട്ട്‌സ് പ്രസ്ഥാനത്തിന്റെ ലോങ്ങ് സര്‍വീസ് അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. എത്രയോ പേരുടെ ചികിത്സാ പ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന ശ്രദ്ധേയനായ കാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. വനവല്‍ക്കരണ സേവനത്തില്‍ അജിത്തും റോവേഴ്‌സും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.
അറിയപ്പെടുന്ന പൂരക്കളി പണിക്കര്‍ സി രാഘവന്‍ പണിക്കരുടെയും ടി വി ലീലയുടെയും മകനാണ്. കാഞ്ഞങ്ങാട് പൊതുമരാമത്തില്‍ ബില്‍ല്‍ഡിങ് വിഭാഗം ഹെഡ് ക്ലര്‍ക്ക് ജിജി സുധാകരന്‍ ഭാര്യ. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ത്ഥി എ കെ അഭിനന്ദ്, ജി എല്‍ പി സ്‌കൂള്‍ ഉദുമ മൂന്നാം തരം വിദ്യാര്‍ത്ഥി എ കെ അനിരുദ്ധ് മക്കള്‍.
ജില്ലാ ചീഫ് കമ്മീഷണരും വിദ്യാഭ്യാസ ഓഫിസറുമായ ഡി നന്ദികേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ കമ്മീഷണര്‍മാരെയും മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തത്.