മംഗളൂരു : മൺവിളക്ക് വാങ്ങിയതിന്റെ പണം ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ വില്പനക്കാരൻ കുത്തേറ്റുമരിച്ചു. 20 വർഷത്തോളമായി കാഞ്ഞങ്ങാട് മാണിക്കോത്ത് താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശി മായവേൽ പെരിയസ്വാമി(52)യാണ് മംഗളൂരുവിൽ കൊല്ലപ്പെട്ടത്. കർണാടക ഹൂവിന ഹഡഗലി സ്വദേശി വക്കീൽ നായികിനെ (രവി-42) പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട്ടുനിന്ന് ഒക്ടോബർ 14-നാണ് മായവേൽ ഭാര്യക്കൊപ്പം മൺവിളക്ക് വിൽക്കാനായി മംഗളൂരുവിലെത്തിയത്. അൽകെ മാർക്കറ്റ് പരിസരത്ത് കച്ചവടം ചെയ്തുവന്ന ഇവരിൽനിന്ന് രവി പലതവണയായി മൺവിളക്ക് വാങ്ങിയിരുന്നു.എന്നാൽ, പണം നൽകിയിരുന്നില്ല. മായവേൽ പലതവണ പണം ആവശ്യപ്പെട്ടെങ്കിലും രവി നൽകിയില്ല.
അത് വാക്കേറ്റത്തിനു കാരണമായി. തുടർന്ന് പണം നൽകാമെന്ന് പറഞ്ഞ് കുളൂർ മൈതാനത്തേക്ക് രവി മായവേലിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. മായവേലിനെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.