അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലം അല്ലെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമികനിഗമനം

Latest കേരളം പ്രാദേശികം

തിരുവനന്തപുരം: കാസർകോട്ടെ കോളേജ് വിദ്യാർഥിനി അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടർന്നുള്ള ഹൃദയസ്തംഭനമാണ് എന്നാണ് നിഗമനം. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലമാണെന്ന സംശയവും ആരോപണവും ഉയർന്നിരുന്നു. അഞ്ജുശ്രീയുടെ പോസ്റ്റ് മോർട്ടത്തിൻറെ പ്രാഥമിക നിഗമനവും ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പ്രാഥമിക പരിശോധയുടെ റിപ്പോർട്ടുമാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.അഞ്ജുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിലും ചില സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്.

പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. എന്നാൽ, അഞ്ജുശ്രീയുടെ മരണം സംഭവിച്ചത് ആന്തരികാവയവങ്ങൾക്കേറ്റ അണുബാധയെ തുടർന്നുള്ള ഹൃദയസ്തംഭനം മൂലമാണ് എന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ പ്രാഥമിക നിഗമനം. എന്തുകാരണത്താലാണ് അണുബാധയുണ്ടാവുകയും അത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്തത് എന്ന് വ്യക്തമാകണമെങ്കിൽ കെമിക്കൽ എക്സാമിനേഷൻ ഉൾപ്പെടെയുള്ളവ നടത്തിയ ശേഷം വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ഭക്ഷ്യസുരക്ഷാവിഭാഗം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് റിപ്പോർട്ട് ലഭിച്ചിട്ടുമുണ്ട്. ആ റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കുന്നില്ല. അഞ്ജുശ്രീയുടെ മരണത്തിൽ ഭക്ഷ്യവിഷബാധയേൽക്കാനുള്ള സാഹചര്യം കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. ഹോട്ടലിൽ വിശദമായ പരിശോധന നടത്തിയിരുന്നു. അഞ്ജുശ്രീ കുഴിമന്തി വാങ്ങിയ ദിവസം വേറെ 120 പേർ അതേ ഹോട്ടലിൽനിന്ന് കുഴിമന്തി വാങ്ങിക്കഴിച്ചിരുന്നു.

എന്നാൽ അവർക്ക് ആർക്കും ഭക്ഷ്യവിഷബാധയുടെ ഏതെങ്കിലും വിധത്തിലുള്ള ലക്ഷണങ്ങൾ ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹോട്ടലിൽ ഏതെങ്കിലും വിധത്തിലുള്ള വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.കുഴിമന്തി വാങ്ങിക്കഴിച്ച് നാലോ അഞ്ചോ ദിവസങ്ങൾക്കു ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.

അതിനാൽത്തന്നെ ആ ദിവസമുണ്ടായിരുന്ന ഭക്ഷണത്തിന്റെ സാമ്പിൾ എടുക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന പൂർണമായ നിഗമനത്തിലേക്ക് എത്തിയിട്ടില്ല. എന്നാൽ ഭക്ഷ്യവിഷബാധയാണെന്നതിനുള്ള തെളിവുകൾ കണ്ടെത്താനായിട്ടില്ല.

മരണത്തിന് എന്താണ് കാരണമെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.ആന്തരാവയവങ്ങൾക്ക് അണുബാധയുണ്ടായതിനെ തുടർന്നുണ്ടായ ഹൃദയസ്തംഭനം എന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. ഇങ്ങനെ മരണം സംഭവിക്കാൻ പല കാരണങ്ങളുണ്ട്. വൃത്തിഹീനമായ ഭക്ഷണം കഴിക്കുന്നത് അതിലൊന്നാണ്.

അതല്ലെങ്കിൽ എന്തെങ്കിലും വിഷപദാർഥം ഉള്ളിൽച്ചെല്ലുക, പനി മൂർച്ഛിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും അണുബാധയുണ്ടായേക്കാം. ഇതിൽ എന്താണ് അഞ്ജുശ്രീയെ മരണത്തിലേക്ക് നയിച്ചതെന്ന് അറിയണമെങ്കിൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരണം.

Leave a Reply

Your email address will not be published. Required fields are marked *