കാസര്‍ഗോഡ്: ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് ബിജെപി. കൈവശമുണ്ടായിരുന്ന ബദിയടുക്കയിലെ സീറ്റ് കൈവിട്ടത് മാത്രമല്ല മറ്റ് സീറ്റുകളില്‍ വോട്ട് കുറഞ്ഞതും ബിജെപിയെ ഭയപ്പെടുത്തുന്നു.
ബദിയടുക്കയിലെ 14ാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി കോണ്‍ഗ്രസ് ബിജെപിയെ അട്ടിമറിച്ച് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യുഡിഎഫിനാവും. നേരത്തെ 19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എട്ട് സീറ്റുകള്‍ വീതമായിരുന്നു യുഡിഎഫിനും ബിജെപിക്കുമുണ്ടായിരുന്നത്. സിപി ഐഎമ്മിന് മൂന്നും. യുഡിഎഫിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത് നറുക്കെടുപ്പിലൂടെയായിരുന്നു.
വിജയത്തോടെ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താനും ബിജെപി, സിപിഐഎം അംഗങ്ങള്‍ കൈവശം വെച്ചിരിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മറ്റികളുടെ അധികാരം പിടിച്ചെടുക്കുകയും ചെയ്യാം.ബിജെപി അംഗമായിരുന്ന കെഎന്‍ കൃഷ്ണഭട്ട് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തന്റെ പിതാവ് സായ്‌റാം ഭട്ട് തുടര്‍ന്നു വന്ന സാമൂഹ്യ സേവന പദ്ധതികള്‍ തുടരുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് കൃഷ്ണ ഭട്ട് കാരണമായി പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലത്തിന് പുറത്ത്, വോട്ടിംഗ് രീതിയും ബിജെപിയെ ഭയപ്പെടുത്തുന്നു. ശക്തമായ പ്രചരണം നടന്നിട്ടും ബിജെപി വോട്ട് കുറയുകയാണ് ചെയ്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ശ്യാമപ്രസാദ് ബിജെപിയുടെ മഹേഷ് വളകുഞ്ഞയെ 39 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.2020ല്‍ 273 വോട്ട് നേടിയ യുഡിഎഫ് ഇക്കുറി 427 വോട്ട് നേടി. 423 വോട്ട് നേടിയ ബിജെപി ഇത്തവണ നേടിയത് 389 വോട്ട്. 179 വോട്ട് നേടിയ എല്‍ഡിഎഫ് 20 വോട്ട് ഇക്കുറി അധികം നേടി. കഴിഞ്ഞ തവണ കൃഷ്ണ ഭട്ട് ശ്യാമപ്രസാദിനെ 150 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബിജെപിയുടെ വോട്ട് തങ്ങള്‍ക്ക് ലഭിച്ചു. എന്നാല്‍ യുഡിഎഫ് നൂറിലധിം വോട്ടുകള്‍ അധികം ചേര്‍ത്തതും കൃഷ്ണഭട്ടിന്റെ രാജിയുമാണ് തങ്ങളെ തോല്‍പ്പിച്ചതെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.കുമ്പളയിലും ബിജെപിക്ക് പരാജയം നേരിടേണ്ടി വന്നു.
കുമ്പള ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡായ പേര്‍വാടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. ബിജെപി പ്രവര്‍ത്തകന്റെ കൊലക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സിപിഐഎം അംഗമായ എസ് കൊഗ്ഗു രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. സ്റ്റാന്‍ഡിംഗ് കമ്മറ്റികളുടെ അധികാരം ലഭിക്കുന്നതിന് വേണ്ടി സിപിഐഎം അംഗങ്ങളുമായി ബിജെപി അംഗങ്ങള്‍ ഒത്തുതീര്‍പ്പ് നടത്തുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപണമുന്നയിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.സിപിഐഎമ്മുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്ന മുരളീധര യാദവയെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. 61 വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ തവണ 179 വോട്ടുകളാണ് ഈ വാര്‍ഡില്‍ ബിജെപിക്ക് ലഭിച്ചത്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 229 വോട്ടുകളും ലഭിച്ചിരുന്നു. സിപിഐഎം സ്ഥാനാര്‍ത്ഥി അനില്‍ കുമാര്‍ ലീഗിന്റെ നാസിറിനെ 189 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 80 വോട്ട് കൂടി 675 വോട്ടാണ് സിപിഐമ്മിന് ലഭിച്ചത്.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ തൊയമ്മല്‍ വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 504 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സിപിഐഎം സ്ഥാനാര്‍ത്ഥി എന്‍ ഇന്ദിര വിജയിച്ചു. 2020ല്‍ 719 വോട്ട് നേടിയ സിപിഐഎമ്മിന് ഇത്തവണ 719 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന് ഇത്തവണ 22 വോട്ട് കൂടി 237 വോട്ടാണ് ലഭിച്ചത്. 2020ല്‍ 105 വോട്ട് ലഭിച്ച ബിജെപിക്ക് ഇത്തവണ 72 വോട്ടുകളാണ് ലഭിച്ചത്. സിപിഐഎം അംഗം സി ജാനകിക്കുട്ടി അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
കല്ലാര്‍ പഞ്ചായത്തില്‍ അടകം വാര്‍ഡില്‍ 33 വോട്ടിനാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സണ്ണി എബ്രഹാം വിജയിച്ചത്. 2020ല്‍ 404 വോട്ട് ലഭിച്ച എല്‍ഡിഎഫിന് ഇക്കുറി 441 വോട്ട് ലഭിച്ചു. 2020ല്‍ 343 വോട്ട് ലഭിച്ച കോണ്‍ഗ്രസിന് ഇക്കുറി 408 വോട്ട് ലഭിച്ചു. കഴിഞ്ഞ തവണ 205 വോട്ട് ലഭിച്ച ബിജെപിക്ക് ഇത്തവണ 100 വോട്ട് പോലും തികക്കാന്‍ കഴിഞ്ഞില്ല. 90 വോട്ടുകളാണ് ലഭിച്ചത്. പഞ്ചായത്ത് അംഗമായ എജെ ജോസ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പള്ളിക്കര പഞ്ചായത്തിലെ 19ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ സമീറ 596 വോട്ടുകള്‍ക്ക് വിജയിച്ചു. 891 വോട്ടാണ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റഷീദക്ക് 235 വോട്ടാണ് ലഭിച്ചത്. ഇവിടെ ആദ്യമായി മത്സരത്തിനിറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 12 വോട്ടുകളാണ്. പഞ്ചായത്ത് അംഗമായിരുന്ന ലീഗിന്റെ പി നസീറ വിദേശത്ത് പോകുന്നതിന് വേണ്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.