ഉപ്പള: പ്രവാസിയായ മുഗുവിലെഅബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയകേസിലെ ഒരു പ്രതിഅന്വേഷണസംഘത്തിന്റെ വലയിലായതായി സൂചന. ബംഗളൂരു എയർപോർട്ടിൽ നിന്ന് ഇയാളെ പൊലീസ് വലയിലാക്കുകയായിരുന്നു. വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമമാണ് പൊലീസ് പരാജയപ്പെടുത്തിയത്. കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഊർജിതമാക്കിയിരിക്കുകയാണ്. കർണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചത്.
കാസർകോട്ഡി.വൈ.എസ്.പി ബാലകൃഷ്ണൻനായരുടെ മേൽനോട്ടത്തിൽ പത്തോളം പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്.പ്രതികളുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപാകാൻ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയത് ഉപ്പളയിലെ ട്രാവൽസ് ഉടമയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം ഭയന്ന് ട്രാവൽസ് ഉടമ നാട്ടിൽ നിന്ന് മുങ്ങി. തിങ്കളാഴ്ച മുതലാണ് ഇയാളെ കാണാതായത്.
ട്രാവൽസ് ഉടമ 50 ലക്ഷം രൂപയുടെ ഡോളർ ഗൾഫിലുള്ള അബൂബക്കർ സിദ്ധിഖിനെ ഏൽപ്പിക്കാൻ അൻവർ, അൻസാർ എന്നിവർക്ക് കൈമാറിയിരുന്നു. അൻസാർ ഡോളർ അടങ്ങിയ ബാഗ് ഗൾഫിലുള്ള സിദ്ധിഖിനെ ഏൽപ്പിച്ചു. ബാഗ് തുറന്ന് നോക്കിയപ്പോൾ ഡോളർ സൂക്ഷിച്ച കവർ പൊട്ടിച്ച നിലയിലായിരുന്നു. മംഗളൂരു വിമാനതാവളത്തിൽ അൻസാറിനെ ഗൾഫിലേക്ക് യാത്രയയച്ചതിന് ശേഷം അൻവർ നാട്ടിലേക്ക് മടങ്ങിയതായി പറയുന്നു.ഇതിനെ ചൊല്ലി ട്രാവൽസ് ഉടമയും സിദ്ധിഖും പരസ്പരം ഫോണിൽ കൊല വിളികൾ നടത്തിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഡോളർ വാങ്ങി തന്നാൽ നല്ലൊരു തുക പ്രതിഫലമായി നൽകാമെന്ന് ക്വട്ടേഷൻ സംഘത്തോട് ട്രാവൽസ് ഉടമ പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചു.
അതിനിടെ അബൂബക്കർ സിദ്ധിഖിന്റെ മരണശേഷം ട്രാവൽസ് ഉടമ സഞ്ചരിച്ച ഗോവ രജിസ്ട്രേഷനിലുള്ള കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി കണ്വതീർഥയിലെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. സിദ്ധിഖിന്റെ കൊലയ്ക്ക് ശേഷം ഈ കാറിൽ ട്രാവൽസ് ഉടമയും ഉദ്യാവർ സ്വദേശിയും യാത്ര ചെയ്തിരുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു.
തിങ്കളാഴ്ച പൈവളിഗെയിൽ നിന്ന് അബൂബക്കർ സിദ്ധിഖിനെകൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആളുടെ സഹോ പൊലീസ് കസ്റ്റഡിയിലെടുത്തു.ഒരു വീട്ടിൽ നിന്ന് ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. അബൂബക്കർ സിദ്ധിഖിന്റെ മൃതദേഹം ആസ്പത്രിയിൽ ഉപേക്ഷിച്ച ശേഷം സംഘം തിരിച്ചുപോയ കാർ കർണാടകയിലെ തൊക്കോട്ടുനിന്ന് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇതോടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയുടെ ഉപ്പളയിലെ ഫ്ളാറ്റിൽ നിന്ന് പൊലീസ് നാല് ലക്ഷം രൂപ പിടികൂടിയിട്ടുണ്ട്. ഈ പണം പ്രതിയുടെ പിതാവിന്റേതാണെന്നാണ് പൊലീസിന് കിട്ടിയ വിവരം.
അബൂബക്കർ സിദ്ധിഖിന്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തു.നെഞ്ചിൽ ആഞ്ഞുചവിട്ടിയതും തലക്കേറ്റ അടിയുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലച്ചോർ ചതഞ്ഞ നിലയിലും ആന്തികാവയവങ്ങൾക്ക് കടുത്ത ക്ഷതമേറ്റ നിലയിലുമായിരുന്നു.