ബദിയഡുക്ക: മകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ മരിച്ചതിന്റെ വിഷമം മാറും മുമ്പ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഏക മകനും ഷോകേറ്റ് മരിച്ചതോടെ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് നേരിട്ടത് തീരാനഷ്ടം. ബദിയഡുക്ക-പെര്‍ള താഴെ ഗുളിക മൂലയിലെ നാരായണ നായിക്-പത്മാവതി ദമ്പതികളുടെ മകന്‍ ജിതേഷ് (17)ആണ് ഷോകേറ്റ് മരിച്ചത്.വൈദ്യുതി മോടോര്‍ ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് ജിതേഷിന് ഷോകേറ്റത്.
നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടുകൂക്കെ സുബ്രമഹ്‌ണ്യേശ്വര ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ജിതേഷ്. ദമ്പതികളുടെ ഏകമകള്‍ ഹരിനാക്ഷി ഏതാനും വര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു.
ഇതിന്റെ വിഷമം മാറുംമുമ്പാണ് ഏകമകനേയും മരണം തട്ടിയെടുത്തത്. കൂലിപ്പണിക്കാരായ ദമ്പതികളുടെ ഏക പ്രതീക്ഷ ആയിരുന്ന മകന്‍ ജിതേഷ്. രണ്ട് മക്കളേയും നഷ്ടപ്പെട്ടതോടെ ഇവര്‍ മാനസികമായി തന്നെ തളര്‍ന്നിരിക്കുകയാണ്.
വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുഖം താങ്ങാനാവാതെ നാട്ടുകാരും മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നു. ബദിയഡുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.