മലയാളികളുടെ നാവിൻ തുമ്പിൽ മലയാള ഭാഷയുടെ മാധുര്യം തൊട്ടുതന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. ആ ഭാഷയാവട്ടെ സാധാരണക്കാരിൽ സാധാരണക്കാർക്കു പോലും പ്രാപ്യമായത്ര സരളവും സുന്ദരവും. ഏതെഴുത്ത്ക്കാരന്റെയും കൈവശമുള്ള അക്ഷരങ്ങളുടെ എണ്ണം ഒന്ന് തന്നെയാണ്. അവ പരസ്പ്പരം എങ്ങനെ ചേർത്ത് വെക്കുന്നു എന്നിടത്താണ് പ്രസക്തി. അത്തരമൊരു പരിശോധനയിൽ അക്ഷരങ്ങൾ ചേർത്ത് കെട്ടി അർത്ഥതലങ്ങളുടെ കൊട്ടാരം പണിത് അതിൽ വാഴുന്ന സുൽത്താനാണ് ബഷീർ എന്ന് മനസ്സിലാക്കാനാവും.
ബഷീറിയൻ കഥാ പരിസരവും ശൈലിയും പ്രയോഗങ്ങളുമെല്ലാം എന്നും സാഹിത്യകുതുകികൾക്ക് ആവേശമാണ്.
മാങ്കോസ്റ്റിനു കീഴെ ചാരുകസേരയിലിരുന്ന് വട്ടകണ്ണടയും വെച്ച് ബഷീർ കണ്ട കാഴ്ച്ചകൾക്ക് വലിപ്പം ഏറെയാണ്. അതിനുള്ള തെളിവെന്നത് കാലത്തിനൊപ്പം അർത്ഥവ്യാപ്തി കൂടുന്ന ബഷീർ കൃതികൾ തന്നെ. സാറാമ്മയും കേശവൻ നായരും മുഖ്യകഥാപാത്രമായ ‘പ്രേമലേഖനവും’, നാരായണിയെ നായികയാക്കി ബഷീർ തന്നെ നായകനായ ‘മതിലുകളുമെല്ലാം’ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ പുതിയ വായനകൾ സാധ്യമാകുന്ന കൃതികളാണ്. വിശ്വത്തോളം വലുതാവുന്ന വായനകൾ.!
‘വിശ്വസാഹിത്യ’മെന്താണെന്ന് ബഷീർ നിർവ്വചിക്കുന്നത് ഇങ്ങനെയാണ്: വിശ്വത്തിന്റെ ഒരു ഭാഗത്തിരുന്ന് കുത്തിക്കുറിക്കുന്നത് വിശ്വസാഹിത്യം.
ബഷീറിന്റെ ‘ഒന്നും ഒന്നും ഇമ്മിണി ബല്ല്യൊന്ന് ‘, ‘വെളിച്ചെതിനെന്തൊരു വെളിച്ചം’ തുടങ്ങിയ പ്രയോഗങ്ങളെല്ലാം ഉൾക്കൊള്ളുന്ന ദാർശ്ശനിക പരിസരം വളരെ വലുതാണ്. ബല്ല്യൊന്നിന്റെ പ്രയോഗം ‘ബാല്യകാല സഖി’യിലാണ്.
ഇരു കൈവഴികളായ് ഒഴുകുന്ന അരുവി ഒന്നായ് ചേർന്നൊരു പുഴയായ് ഒഴുകുന്നതാണ് ഒന്നും ഒന്നും ഇമ്മിണി ബല്ല്യൊന്ന്.
മനുഷ്യർ ഒന്നിന്റെ പേരിലും മാറി മാറി ഒഴുകേണ്ടവരെല്ലന്നും ഒന്നിച്ച് ചേർന്നൊരു പുഴയായ് ഒഴുകേണ്ടവരാണെന്നും പുതിയക്കാലത്ത് നമ്മുക്കീ പ്രയോഗത്തെ വായിച്ചെടുക്കാം. അത്‌പോലെ തന്നെ ഇരു വഴിക്കായിരുന്ന ഇരുപേർ ചേർന്ന് ഇണയായ് ഒഴുകുന്ന വിവാഹ ജീവിതത്തെയും, അതിലെ സൗന്ദര്യത്തെയും നമ്മുക്കീ പ്രയോഗത്തിൽ കണ്ടെത്താം. അതിനാൽ കൽപ്പറ്റ നാരായണൻ മാഷ് പറഞ്ഞതെത്ര ശെരി!. “വായിക്കുമ്പോൾ കൂടുതൽ തെളിയുന്ന മഷികൊണ്ടാണ് ബഷീർ എഴുതിയത്.” ബഷീറിന്റെ തന്നെ ഹുത്തിന ഹാലിത്ത ലിത്താപ്പോ എന്ന പാട്ടും, ചൾക്കോ പ്ല്ക്കോ, ഹുന്ത്രാപ്പി ബുസ്സാട്ടോ എന്നിങ്ങനെ തുടങ്ങിയ വാചകങ്ങളും വായനക്കാരന്റെ മനസ്സിൽ നിറയ്ക്കുന്ന ഒരു ഓളവും താളവും ഉണ്ട്. അതിനാൽ അർത്ഥശൂന്യമായ വാക്കുകൾക്കും ഒരു താളമുണ്ടെന്ന് പറയാൻ ശ്രമിച്ച എഴുത്തുകാരനാണ് ബഷീർ.
അഹ്മദ് നിസാറിന്റെ പെങ്ങൾ ആയിഷയിലൂടെ കുഞ്ഞു പാത്തുമ്മയുടെ ‘ബയി’ വഴി ആയതിന്റെയും, ‘ലാത്തിരി’ രാത്രി ആയതിന്റെയും കഥയാണ് “ന്റെപ്പൂപ്പാക്കൊരനാണ്ടാർന്ന്” എന്നത്. നവോത്ഥാനത്തിന്റെ നാൾ വഴികളിലേക്കുള്ള നടത്തമാണ് ‘ബയി’ വഴിയായതിലൂടെ കാണുന്നത്. ആ നടത്തതിന്റെ അന്ത്യത്തിലാവട്ടെ വെളിച്ചവും. അവിടെയാണ് വെളിച്ചെതിനെന്തൊരു വെളിച്ചം! എന്ന് കുഞ്ഞു പാത്തുമ്മ അതിശയിക്കുന്നത്.
ബഷീർ വെളിച്ചത്തെക്കുറിച്ച് പറയുമ്പോൾ തന്നെ അതിന്റെ മറുവശമായ ഇരുട്ടിനെയും കൂടി കാണാൻ ശ്രമിച്ചു. അതിന്റെ മറുവശമായ ഇരുട്ടിൽ കഴിയുന്ന കഥാപാത്രങ്ങളെ അധികവും അദ്ദേഹം നർമ്മത്തിന്റെ മേമ്പടി ചേർത്താണു അവതരിപ്പിച്ചത്. “സ്ഥലത്തെ പ്രധാന ദിവ്യൻ” എന്ന നോവലിലെ എട്ടുകാലി മമ്മൂഞ്ഞിയും, ആനവാരി രാമൻ നായരും, പൊൻകുരിശു തോമായുമെല്ലാം ഇത്തരം കഥാപാത്രങ്ങൾക്ക് ഉദാഹരണമാണ്. ഇവിടം ബഷീർ നവോത്ഥാന ഭാവനയോളം ഉയരാൻ കഴിയതെ പോയ മനുഷ്യരെയും കൂടി കണ്ടെത്തുന്നു. ഇത് ബഷീർ എന്ന സാഹിത്യകാരന്റെ നീരീക്ഷണ വൈദഗ്ദ്യത്തിലേക്കാണു വിരൾ ചൂണ്ടുന്നത്.
തന്റെ ജീവിതത്തിന്റെ നേർക്ക് ഒരു കണ്ണാടി തിരിച്ച് വെച്ച് അതിൽ കണ്ട കാഴ്ച്ചകളെ ബഷീർ പേജുകളിൽ അടുക്കി. ഇതിലൂടെ വായനക്കാരിൽ ഈ എഴുത്ത് അത്മകഥാംശപരമാണോ, സാങ്കൽപ്പികമാണോ എന്ന ആശയകുഴപ്പം സൃഷ്ടിക്കാൻ ബഷീറിനു സാധിച്ചു. അവിടെയും അദ്ദേഹം അത്യുക്ക്തിയുടേയോ, അതിഭാവുകത്വത്തിന്റെയോ സ്വരം കൈകൊണ്ടില്ല. കൃത്രിമ നിറചാർത്തുകളില്ലാത്ത മിതത്വത്തിന്റെ പച്ചയായ പകർപ്പായിരുന്നു ആ ജീവിതവും എഴുത്തും. ‘വ്യക്ഷങ്ങൾ’ എന്ന ലേഖനത്തിൽ സഞ്ചാരിയായ ശുഭറാമിന്റെ, കഥകൾ എഴുതുന്നതെങ്ങനെ എന്ന ചോദ്യത്തിനു ബഷീർ നൽകുന്ന ഉത്തരം ഇങ്ങനെയണ്. ഞാൻ എഴുതുന്നത് ആർക്കും എഴുതാൻ സാധിക്കുന്നതാണ്.കുറെ അനുഭവങ്ങൾ വേണം, എനിക്ക് ധാരാളം അനുഭവങ്ങളുണ്ട്. ബഷീർ സ്വതന്ത്ര്യസമര പങ്കാളിയായതും, ഉപ്പുസത്യാഗ്രഹത്തിൽ കൂടി ജയിലിലായതും, ഇന്ത്യയൊട്ടാകെ പത്തു വർഷം സഞ്ചരിച്ചതും ഇവിടെ സ്മരണീയം. “കാടായ്ത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യം” എന്ന എം.എൻ വിജയന്റെ വിശേഷണത്തിന്റെ പ്രസക്തി ഇവിടെയാണ്. ബഷീറിന്റെ നോവലുകളിൽ അത്മകഥാശം മുന്നിട്ട് നിൽക്കുന്ന നോവലുകളാണു പാത്തുമ്മയുടെ ആട്, മതിലുകൾ, അനുരാഗത്തിന്റെ ദിനങ്ങൾ എന്നത്.
നാം ചുറ്റും കണ്ണോടിക്കവേ കാണുന്ന കാര്യങ്ങളും കാഴ്ച്ചകളും വസ്തുക്കളുമെന്തോ, അവയെല്ലാം ബഷീറിയൻ കഥകളിൽ ഇടം നേടി. അല്ല, ബഷീർ എല്ലാത്തിലേക്കും ഇറങ്ങി ചെന്നു. അപ്പോഴാണു അദേഹത്തിനു ‘മതിലെന്ന’ വസ്തു വലിയൊരാശയോപാധിയായ് തോന്നിയത്. തന്നിൽ നിന്ന് മാത്രം ചിന്തിക്കാതെ ആ ഇണക്കിളികളുടെയും, കരിങ്കണ്ണിയുടെയും, അട്ടയുടെയുമെല്ലാം സ്ഥാനത്ത് നിന്ന് അദേഹം ചിന്തിച്ചു. കുഞ്ഞുപ്പാത്തുമ്മയ്ക്ക് അട്ടയെ വിഴുങ്ങിയ വരാൽ മത്സ്യത്തെയും, തന്റെ ഇണക്കിളിയെ കൊത്തിപരിക്കേൽപ്പിച്ച കുഞ്ഞിക്കിളിയെയും ശാസിക്കേണ്ടി വന്നത് അതിനാലാണ്. ആ ശാസനയാവട്ടെ വെറുപ്പിന്റെയോ ദേഷ്യത്തിന്റെയോ അല്ല, മറിച്ച് നിഷ്കളങ്കമായ ഗുണകാംഷയുടേതാണ്. കുഞ്ഞുപ്പാത്തുമ്മയിലൂടെ കാഥികന്റെ മനസ്സിന്റെ നന്മയും കൂടിയാണു വായനക്കാരൻ വിലയിരുത്തുന്നത്. “ഭൂമിയുടെ അവകാശികൾ” എന്ന നോവൽ കാഥികന്റെ പ്രകൃതി സ്നേഹവും, മനുഷ്യരോടെന്ന പോലെ തന്റെ ചുറ്റുമുള്ള ജന്തുക്കളോടുള്ള അപരപ്രിയ ഹേതുത്വവും കൂടി വെളിപ്പെടുത്തുന്നു.
‘നിങ്ങൾ ഒരു വൃക്ഷത്തെ തൊടുമ്പോൾ മിക്കപ്പോഴും ഒരു മനുഷ്യനെ തൊടുന്നതായ് വിചാരിക്കുക. മനോഹരമായ ഓരോ കഥകളാണു ഒരോ വൃക്ഷവും’ എന്നതാണ് ബഷീറിന്റെ മതം.
‘ജീവിതം ഒരനുഗ്രഹം’! എന്ന ടൈറ്റിലിൽ പോൾ മണലിനെഴുതി നൽകിയ ലേഖനത്തിൽ ബഷീർ ‘അനന്തമായ പ്രാർത്ഥനയാകുന്നു ജിവിതം’ എന്ന് പ്രസ്താവിക്കുന്നു. അതിനുമപ്പുറം ആ ബോധം നൽകിയ സർവ്വേശ്വരനോട് നന്ദിയും പറയുന്നു. ജീവിതത്തേയും അതിലെ പ്രതിസന്ധികളെയും ഒരു പുഞ്ചിരിയാലെ നേരിടുകയെന്നതാണു ബഷീറിയൻ രീതി. അദ്ദേഹത്തിന്റെ ഫലിതങ്ങളും നർമ്മങ്ങളും പരിശോധിക്കവെ അതിന്റെ പിന്നാമ്പുറത്ത് കണ്ണീരിന്റെ നനവും നമ്മുക്ക് കണാം. ബഷീർ തന്നെ പറയുന്നു “ദൈവം പറഞ്ഞിട്ടുണ്ട്, ഇഹലോക ജീവിതം വെറുമൊരു തമാശയാണെന്ന്. അത്ക്കൊണ്ട് മിക്ക കാര്യങ്ങളും ഞാൻ തമാശയായിട്ടണെടുക്കുന്നത്.. ചിരിക്കാൻ കഴിയുന്ന ഏക മൃഗമാണല്ലോ മനുഷ്യൻ. ഈശ്വരന്റെ മഹത്തായ അനുഗ്രഹമാകുന്നു ചിരി. കണ്ണുനീരും ഈശ്വരന്റെ ഉത്കൃഷ്ടമായ അനുഗ്രഹം തന്നെ.” പലപ്പോഴും വിഷമങ്ങളെ അതിജീവിക്കാനുള്ള ഒരു മാർഗ്ഗമായിരുന്നു അദ്ദേഹത്തിനു ഫലിതങ്ങൾ. നർമ്മ പ്രിയനായിരുന്ന ബഷീർ തന്റെ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ നർമ്മസല്ലാപങ്ങളും പ്രശസ്തമാണ്. അഴീക്കോട് മാഷിന്റെ പ്രസംഗത്തെ ‘സാഗര ഗർജ്ജനമെന്നാണു’ ബഷീർ തമാശയാലെ വിശേഷിപ്പിച്ചത്.
“ബഷീറിന്റെ ഫലിതത്തിൽ ഒരിക്കലും ക്രൂരതയില്ല. അതിൽ സ്നേഹത്തിന്റെ ആർദ്രതയാണുള്ളത്. ആരെയാണോ അദ്ദേഹം കളിയാക്കുന്നത്, അവൻ പോലും അതിൽ മാധുര്യം അനുഭവിക്കുന്നു. ആ സ്വഭാവം സഹാനുഭൂതിയിൽ നിന്നാണു ഉണ്ടാകുന്നത്.” ഫലിതങ്ങളത്രയും വലിപ്പത്തരം കാണിക്കാനും അപരനെ പരിഹാസിക്കാനും കാരണമാക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ബഷീറിയൻ ഫലിതത്തെ കുറിച്ചുള്ള എം.കെ സാനുവിന്റെ വീക്ഷണം പ്രസക്തമാണ്. ബഷീർ നമ്മെ നർമ്മത്തിന്റെ മർമ്മത്തിൽ തൊട്ട് ചിരിയിലൂടെ
ചിന്തിപ്പിക്കുകയാണു ചെയ്യുന്നത്.
അബ്ദുൽ ബാസിത്. മങ്ങാട്