കോഴിക്കോട് : കൊയിലാണ്ടി സ്വദേശിനി ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നിൽ വായ്പ ആപ്പുകൾ ഉപയോഗിച്ച് ലോൺ എടുത്തതാണെന്ന് സംശയം.
സാമ്പത്തികമായി ബുദ്ധിമുട്ടൊന്നും ഇല്ലാത്ത ബിജിഷ മരിക്കുന്നതിന് മുൻപ് ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ 11 നാണ് ബിജിഷയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിജിഷയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവിശ്യപെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.ബിജിഷയുടെ അകൗണ്ടിൽ 90 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടന്നത്.
കൂടാതെ ബിജിഷയുടെ വിവാഹ ആവശ്യത്തിന് വീട്ടുകാർ കരുതിവെച്ചിരുന്ന 35 പവൻ സ്വർണാഭരണങ്ങൾ പണയം വെച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.
ബിജിഷയുടെ മരണത്തിന് ശേഷമാണ് ഇത്രയും വലിയ തുകയുടെ ഇടപാട് നടന്നതായും,സ്വർണം പണയം വെച്ചതായും വീട്ടുകാർ അറിയുന്നത്.
ഒരാളുടെ അകൗണ്ടിലേക്ക് പതിമൂന്ന് ലക്ഷം രൂപ അയച്ചിട്ടുണ്ട്. മറ്റൊരാളുടെ അകൗണ്ടിലേക്ക് എട്ട് ലക്ഷം രൂപ അയച്ചിട്ടുണ്ട്.
ഇതിന് പുറമെ നിരവധി ചെറിയ ചെറിയ തുകയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഇവയൊക്കെ നൽകിയത് ആർക്കാണെന്നോ എന്തിനാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
ആത്മഹത്യ ചെയ്യുന്നതിന് കുറച്ച് നാളുകൾക്ക് മുൻപ് ബിജിഷയുടെ ഫോണിലേക്ക് നിരന്തരം കോളുകൾ വന്നിരുന്നതായി വീട്ടുകാർ പറയുന്നു.
ബിഎഡ് ബിരുദദാരിയായ ബിജിഷയുടെ ആത്മഹത്യ വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
സ്വകാര്യ ടെലകോം കമ്പനിയുടെ സ്റ്റോറിൽ ജോലിചെയ്ത് വരികയായിരുന്നു ബിജിഷ. വായ്പ ആപ്പുകൾ ഉപയോഗിച്ച് ലോൺ എടുത്ത് പറ്റിക്കപെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.