മുസ്‌ലിം വിരുദ്ധ ബുള്‍ഡോസിങ് അവസാനിപ്പിക്കാതെ ബി.ജെ.പി ഭരണകൂടം; യുപിയില്‍ മദ്‌റസ തകര്‍ത്തു (വീഡിയോ)

Latest ഇന്ത്യ

കാണ്‍പൂര്‍: അനധികൃത കൈയ്യേറ്റമെന്ന പേരില്‍ മുസ്‌ലിംകളുടെ കടകളും വീടുകളും മത കേന്ദ്രങ്ങളും തകര്‍ക്കുന്നത് തുടര്‍ന്ന് ബി.ജെ.പി ഭരണകൂടം. യു. പി ഘതംപൂരിലെ ഇസ്‌ലാമിക് സെക്കന്ററി സ്‌കൂളാണ് പെരുന്നാളിന് തൊട്ടടുത്ത ദിവസം മുന്‍സിപ്പല്‍ അധികൃതര്‍ ഇടിച്ചു നിരത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

അനധികൃത നിര്‍മാണമായതിനാലാണ് പൊളിച്ചുനീക്കിയതെന്നാണ് അധികൃതരുടെ ഭാഷ്യം. മദ്‌റസയ്ക്ക് സ്വന്തമായി 14 ബിസ്വാ (18,900 ചതുരശ്ര അടി) സ്ഥലം അനുവദിച്ചിരുന്നു, എന്നാല്‍ മദ്‌റസയുടെ കെട്ടിടം 4 ബിഘകള്‍ (1,08,000 ചതുരശ്ര അടി) വികസിപ്പിച്ചു. ഈ നിര്‍മാണം സര്‍ക്കാര്‍ സ്ഥലം കൈയ്യേറിയാണെന്ന് ആരോപിച്ചാണ് പൊളിച്ചു നീക്കിയത്.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സമാധാനപരമായാണ് മദ്‌റസ കെട്ടിടം പൊളിച്ചുനീക്കിയതെന്ന് പൊലിസ് അവകാശപ്പെടുന്നു. എന്നാല്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെയായിരുന്നു മദ്രസ തകര്‍ത്തതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വിദ്യാര്‍ത്ഥികളും അധ്യാപകരും ഖുര്‍ആനിന്റെയും മറ്റുപുസ്തകങ്ങളും പെറുക്കിയെടുക്കുന്നത് കാണാം. ‘ഖുര്‍ആനും മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളും പുറത്തെടുക്കാന്‍ പോലും അവസരം നല്‍കിയില്ലെന്ന് മദ്‌റസ അധികൃതര്‍ പറഞ്ഞു. ഖുര്‍ആന്‍ ഉള്‍പ്പടെ മതഗ്രന്ധങ്ങള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടിക്കിടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

1994ല്‍ മദ്‌റസ നടത്തിപ്പുകാര്‍ റവന്യൂ രേഖയില്‍ കൃത്രിമം കാണിച്ച് സര്‍ക്കാര്‍ ഭൂമി തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ വാദം. മദ്‌റസ മാനേജ്‌മെന്റിന് എതിരേ കേസെടുത്തിരുന്നതായും അധികൃതര്‍ പറയുന്നു. അതേസമയം, കോര്‍പറേഷന്‍ പരിധിയില്‍ തന്നെ നിരവധി അനധികൃത കൈയ്യേറ്റങ്ങളുണ്ടെന്നും അധികൃതര്‍ മുസ്‌ലിംകളുടെ സ്വത്ത് വകകള്‍ മാത്രം തിരഞ്ഞുപിടിച്ച് പൊളിച്ചുനീക്കുകയാണെന്നും ആരോപണം ഉയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *