സ്റ്റേഷനുള്ളിൽ വച്ച് എസ്ഐയെ കയ്യേറ്റം ചെയ്ത് സഹോദരന്മാർ, പിടിച്ച് തള്ളി; അറസ്റ്റ്, റിമാൻഡ്

Latest കേരളം പ്രാദേശികം

ചാരുമൂട്: പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് എസ്ഐയെയും സിപിഒയേയും കയ്യേറ്റം ചെയ്യുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സഹോദരങ്ങളെ റിമാൻഡ് ചെയ്തു. കോട്ടയം പായിപ്പാട് കോതപ്പാറവീട്ടിൽ ഷാൻമോൻ (27) സഹോദരൻ സജിൻ റജീബ് (24) എന്നിവരെയാണ് നൂറനാട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് മാവേലിക്കര കോടതിയിൽ ഹാജരാക്കിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചുനക്കര സ്വദേശി അബ്ദുൽ റഹ്‌മാൻ പ്രതികൾക്കെതിരെ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഫർണിച്ചർ ഇൻസ്റ്റാൾമെന്റ് നടത്തുന്ന പ്രതികൾ പണം വാങ്ങിയിട്ടും സാധനങ്ങൾ നൽകാതെ തന്നെ കബളിപ്പിച്ചതായുള്ള അബ്ദുൽ റഹ്മാന്റെ പരാതിയിൽ പ്രതികളായ ഇരുവരേയും ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു..

സബ് ഇൻസ്പെക്ടറുടെ മുറിയിൽ വച്ച് പരാതി സംബന്ധിച്ച് ഇരു കക്ഷികളുമായി സംസാരിക്കുന്നതിനുമിടയിലാണ് പ്രതികൾ കയ്യേറ്റത്തിന് മുതിർന്നത്.

മറ്റു പരാതിക്കാരുൾപ്പെടെ  കേൾക്കെ പ്രതികൾ മോശം ഭാഷ ഉപയോ​ഗിക്കുകയും എസ്ഐയെ പിടിച്ചു തള്ളകയും ചെയ്തു. തടയാൻ ശ്രമിച്ച സിപിഒയെയും ഇവർ കയ്യേറ്റം ചെയ്തതായും പൊലീസ് പറഞ്ഞു.

സംഭവത്തിൽ കേസെടുത്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *