‘യമനിൽ എത്തിയത് സൂഫിസവും അറബിയും പഠിക്കാന്‍’; കാസർകോട് സ്വദേശിയുടെ വീഡിയോ സന്ദേശം പുറത്ത്

Latest അന്താരാഷ്ട്രം കേരളം പ്രാദേശികം

കാസർകോട്: യമനില്‍ പോയ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഷബീറിന്‍റെ വീഡിയോ സന്ദേശം പുറത്തുവന്നു. നാല് മാസമായി ഷെബീറിനേയും കുടുംബത്തേയും കുറിച്ച് വിവരമില്ലെന്ന് പറഞ്ഞ് ഇന്നലെ ചില ബന്ധുക്കൾ ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുട‍‍ർന്നാണ് ഷെബീറിൻ്റെ വീഡിയോ പുറത്തുവന്നത്. യമനിലെ തരീമിലെ ദാറുല്‍ മുസ്തഫ കാമ്പസിലാണ് ഷബീറും കുടുംബവും ഉള്ളത്. പണ്ഡിതന്‍ ഹബീബ് ഉമറിന് കീഴില്‍ സൂഫിസവും അറബിയും പഠിക്കാന്‍ വന്നതാണെന്ന് സന്ദേശത്തിൽ വ്യക്തമാക്കി. മറ്റ് ഉദ്ദേശങ്ങളൊന്നുമില്ലാതെ എല്ലാ വിസ നടപടികളും പൂര്‍ത്തിയാക്കിയാണ് യമനിലേക്ക് പോയത്. കുടുംബാംഗങ്ങളുമായി സ്ഥിരം സംസാരിക്കാറുണ്ടെന്ന് ഷബീർ വീഡിയോ സന്ദേശത്തിലുടെ പറഞ്ഞു.

മുഹമ്മദ് ഷബീറിനെയും കുടുംബത്തെയും കാണാനില്ലെന്ന വാർത്ത കുടുംബവും നിഷേധിച്ചു. ഷബീർ കുടുംബവുമായി ഇപ്പോഴും ബന്ധപ്പെടാറുണ്ട്. അന്വേഷണവുമായി സഹകരിക്കുക്കാൻ തയ്യാറാണെന്ന് ഷബീറിന്റെ കുടുംബം പ്രതികരിച്ചു. ഷബീര്‍, ഭാര്യ റിസ്വാന, ഇവരുടെ നാല് മക്കളും12 വര്‍ഷമായി യുഎഇയിലാണ് താമസം. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.

ഷെബീറും കുടുംബവും യമനിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ത്യക്കാര്‍ക്ക് യമനിലേക്ക് പോകാന്‍ നിലവിൽ നിരോധനമുണ്ട്. തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന കാസര്‍കോട് പടന്ന സ്വദേശികളായ രണ്ട് യുവാക്കളെയും കാണാതായിട്ടുണ്ട്. ഒരാള്‍ സൗദി വഴിയും മറ്റേയാള്‍ ഒമാനില്‍ നിന്നും യമനിലെക്ക് കടന്നെന്നാണ് വിവരം.

അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും സൂചനയുണ്ട്. എന്നാല്‍ ഇവര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ട് സംഭവങ്ങളിലും വിശദമായ അന്വേഷണം നടത്തുന്നത്താൻ വേണ്ടി കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *