രാമനവമി ഘോഷയാത്രക്ക് നേരെ കല്ലേറിഞ്ഞെന്ന് ആരോപിച്ച് ഇരുകയ്യുമില്ലാത്ത മുസ്‌ലിം യുവാവിനെതിരെ കേസ്; കട പൊളിച്ചുനീക്കി

Latest ഇന്ത്യ

ഖർഗോൺ: മധ്യപ്രദേശിലെ ഖർഗോണിൽ രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് ഇരുകയ്യുമില്ലാത്ത മുസ്‌ലിം ചെറുപ്പക്കാരനെതിരെ കേസ്. വസീം ശൈഖ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാളുടെ ഏക ഉപജീവനമാർഗമായിരുന്ന കട ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി.

2005 ലാണ് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ഇയാളുടെ രണ്ട് കൈകളും മുട്ടിന് താഴെ മുറിച്ചുനീക്കിയത്. അഞ്ചംഗ കുടുംബത്തിന്റെ ഏക അത്താണിയായ വസീം ശൈഖ് ഉപജീവനത്തിനായി നടത്തിയ കടയാണ് ഏപ്രിൽ 11ന് അധികാരികൾ പൊളിച്ചുകളഞ്ഞത്.രാമനവമിയോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിന്റെ പേരിൽ നിരവധി മുസ്‌ലിം ചെറുപ്പക്കാർക്കെതിരെയാണ് മധ്യപ്രദേശ് പൊലീസ് ഏകപക്ഷീയമായി കേസെടുത്തത്.

സമാനമായ മറ്റൊരു കേസിൽ മാർച്ച് അഞ്ച് മുതൽ ജയിലിൽ കഴിയുന്ന മൂന്ന് മുസ്‌ലിം യുവാക്കളുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷം നടക്കുമ്പോൾ ഇവർ ജയിലിലായിരുന്നു. ഇതിൽ ഒരാളുടെ വീടും മറ്റു 16 വീടുകൾക്കൊപ്പം ഏപ്രിൽ 11ന് ഇടിച്ചുനിരത്തി.ഷഹബാസ്, ഫക്രു, റൗഫ് എന്നിവർക്കെതിരെയാണ് പൊലീസ് കള്ളക്കേസെടുത്തതായി ആരോപണമുയർന്നത്.

എൻഡിടിവി റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ മാസം മുതൽ ജയിലിൽ കഴിയുന്ന ഇവർ ഏപ്രിൽ 10ന് നടന്ന സംഘർഷത്തിൽ ബർവാനി ജില്ലയിലെ സെന്ദാവയിൽ മോട്ടോർ ബൈക്ക് കത്തിച്ചെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ വീണ്ടും കേസെടുത്തത്. ഇവരുടെ പേരിൽ കൊലപാതകശ്രമത്തിന് കേസുള്ള അതേ പൊലീസ് സ്റ്റേഷനിൽ തന്നെയാണ് കലാപത്തിനും കേസെടുത്തിരിക്കുന്നത്.കേസെടുത്തതിലെ വീഴ്ചയെക്കുറിച്ച് ചോദിച്ചപ്പോൾ പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് എന്നായിരുന്നു ബൻവാരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മറുപടി.

ജയിൽ സൂപ്രണ്ടിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും പ്രാഥമികമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ മനോഹർ സിങ്ങിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *