സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത.
ഏഴ് ജില്ലകളില്‍ കലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
തൃശൂര്‍,മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.
നവംബര്‍ അഞ്ച് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
നവംബർ 5 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.
തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക.
കെ.എസ്.ഇ.ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.