നിയന്ത്രണങ്ങളില്‍ മാറ്റം: ഡി വിഭാഗം പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കട തുറക്കാം

Latest കേരളം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കട തുറക്കാൻ അനുമതിയില്ലാത്ത ഡി വിഭാഗത്തിൽപ്പെട്ട പ്രദേശങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാൻ അനുമതി നൽകും. ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ എന്നിവ കാറ്റഗറി എ,ബി വിഭാഗങ്ങളിൽപ്പെട്ട പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം.

വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം അനുവദിക്കും. ആരാധനാലയങ്ങളുടെ ചുമതല ഉള്ളവർ എണ്ണം കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കണം. ആരാധനാലയങ്ങളിൽ എത്തുന്നവർ ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തിരിക്കണം.

എ, ബി വിഭാഗങ്ങളിൽപ്പെട്ട പ്രദേശങ്ങളിൽ മറ്റ് കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും ഒരു ഡോസ് വാക്സിൻ എടുത്ത ജീവനക്കാരെ ഉൾപ്പെടുത്തി ഹെയർ സ്റ്റൈലിങ്ങിനായി തുറക്കാം. സീരിയൽ ഷൂട്ടിങ് പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമാ ഷൂട്ടിങ്ങിനും അനുമതി നൽകും. ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തവർക്കാണ് ഇവിടെയും പ്രവേശനം ഉണ്ടാവുകയെന്നും കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *