എഴുത്തിന്റെ ഭംഗിക്കും ആലങ്കാരികതയ്ക്കും വേണ്ടി ‘സൗമ്യത’ എന്ന വാക്ക് നാം പലപ്പോഴായി ഉപയോഗിക്കാറുണ്ട്. എന്നാൽ അക്ഷരാർത്ഥത്തിൽ ഈ വാക്കിനോട് നീതി പുലർത്തിയ വ്യക്തിയായിരുന്നു കഴിഞ്ഞ ആഴ്ച നമ്മോട് വിട പറഞ്ഞ പാറവളപ്പിൽ അബ്ബാസ്.ഇതോടെ മൊഗ്രാൽ കടവത്തെ വിരലിൽ എണ്ണാവുന്ന കാരണവന്മാരുടെ പട്ടികയിൽ നിന്ന് ഒരില കൂടി കൊഴിഞ്ഞുപോയിരിക്കുകയാണ്.
ജീവിതത്തിന്റെ സിംഹഭാഗവും പ്രവാസിയായി ജീവിച്ച്, ജീവിത സായാഹ്നത്തിൽ വിശ്രമിക്കാനായി നാടണഞ്ഞാൽ രോഗത്തിന്റെ പിടിയിലായി മരണത്തിന് കീഴടങ്ങുന്ന ഹതഭാഗ്യവാന്മാരുടെ പട്ടികയിൽ തന്നെയായിരുന്നു അബ്ബാസ്ച്ചയുടെയും സ്ഥാനം !!ആരോടും പിണക്കമോ പരിഭവമോ ഇല്ലാതെ,അദ്ദേഹത്തിന്റെ ആഗ്രഹം പോലെതന്നെ വീട്ടുകാർക്കുപോലും ഭാരമാവാതെ ജീവിച്ച് റബ്ബിന്റെ വിളിക്കുത്തരം നൽകി യാത്രയാവാൻ നിഷ്കളങ്കനായ അബ്ബാസ്ച്ചയ്ക്ക് സാധിച്ചു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതിന് ശേഷം മൊഗ്രാൽ കടവത്തെ പുതിയപള്ളിയിൽ എല്ലാ നിസ്കാരങ്ങളിലും ആദ്യ സ്വഫിൽ തന്നെ അദ്ദേഹം ഇടം നേടുമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി രോഗത്തിന്റെ പിടിയിലായതോടെ അദ്ദേഹത്തിന് നേരാം വണ്ണം പള്ളിയിലെത്താൻ സാധിക്കാതെ വന്നു.ഇത് മൂലം പലപ്പോഴും വീട്ടിൽ തന്നെ പ്രാർത്ഥന നിർവ്വഹിക്കാൻ അദ്ദേഹം നിർബന്ധിതനായി. ഇത് അദ്ദേഹത്തിന്റെ മനസ്സിൽ ഏറെ വിഷമം സൃഷ്ടിച്ചതായി അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.ആരോടും പിണങ്ങാതെ എല്ലാവർക്കും സ്നേഹം മാത്രം പകുത്ത് നൽകുന്ന വേറിട്ട വ്യക്തിത്വത്തിന് ഉടമായിരുന്നു അബ്ബാസ്ച്ച.
വീട്ടിലായാലും അദേഹത്തിന്റെ സ്വഭാവം ഇതേ രീതിയിൽ തന്നെയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഏകമകനും എന്റെ സുഹൃത്തുമായ പി. ആർ ഫസൽ സാക്ഷ്യപ്പെടുത്തുന്നു.കൂട്ടംകൂടി നിന്ന് അന്യരെ കുറ്റം പറയാനോ ദേഷ്യപ്പെട്ട് സംസാരിക്കാനോ അദ്ദേഹത്തിന് അറിയില്ലായിരുന്നു. ജീവിതത്തിലുടനീളം സൗമ്യത കാത്ത് സൂക്ഷിച്ച് എല്ലാവരോടും ചിരിച്ച് മാത്രം സംസാരിക്കുക വഴി പരിചയപ്പെട്ടവരുടെ മനസ്സിലെല്ലാം ഇടം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.
എന്റെ ഏറ്റവും അടുത്ത അയൽവാസിയായിരുന്നു അബ്ബാസ്ച്ച. ഞാൻ വീട്ടിലേക്ക് വരുന്ന വഴിയോട് ചേർന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ കിടപ്പുമുറിയുടെ ജനാല. അത്കൊണ്ട് തന്നെ അതിലൂടെ കടന്ന് വരുമ്പോഴൊക്കെ അബ്ബാസ്ച്ചയോട് സുഖ വിവരം അന്വേഷിക്കാൻ എനിക്ക് സാധിച്ചിരുന്നു.
അവസാന നാളുകളിൽ അങ്ങോട്ട് നോക്കുമ്പോഴൊക്കെ നിസ്കരിക്കുകയോ ഖുർആൻ ഓതുകയോ ചെയ്യുന്നതായിട്ടാണ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത്.വീട്ടിലും നാട്ടിലും സ്നേഹസൗരഭ്യം പരത്തിയിരുന്ന പാറവളപ്പിൽ അബ്ബാസ് പ്രപഞ്ചനാഥനിലേക്ക് മടങ്ങിയിരിക്കുന്നു.നാഥാ.. നിന്റെ സ്വർഗ്ഗീയാരാമത്തിൽ അദ്ദേഹത്തിനും ഞങ്ങൾക്കും ഒരിടം നൽകണേ.. ആമീൻ.