മംഗളൂരു: സൂറത്ത്കലിൽ വീണ്ടും സദാചാര പോലീസ് ഗുണ്ടായിസം. ഇതര മതത്തിൽപ്പെട്ട പെൺകുട്ടിക്കൊപ്പം മോട്ടോർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിയാണ് ഈ കുറ്റകൃത്യത്തിനിരയായത്.
വിദ്യാർത്ഥിനിയെ പിന്തുടർന്നെത്തിയ യുവാക്കളുടെ സംഘം യുവാവിനെ മർദിച്ചു. ഇതര മതസ്ഥരായ ആൺകുട്ടികൾക്കൊപ്പം സഞ്ചരിക്കരുതെന്ന് പെൺകുട്ടിക്ക് മുന്നറിയിപ്പ് നൽകി. വാടകയ്‌ക്കെടുത്ത അപ്പാർട്ട്‌മെന്റ് ഒഴിഞ്ഞുപോയ പെൺകുട്ടിയെ യുവാവ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും ലഗേജുകൾ പുതിയ സ്ഥലത്തേക്ക് മാറ്റാനിരിക്കെയാണ് ആക്രമണത്തിന് ഇരയായതെന്നുംയുവതി പറയപ്പെടുന്നു.
സൂറത്ത്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആക്രമണം നടന്ന് മിനിറ്റുകൾക്കകം സംഘാംഗങ്ങളെ പോലീസ് പിടികൂടി.
ദ്രുതഗതിയിലുള്ള ഓപ്പറേഷനിൽ പ്രഹ്ലാദ്, പ്രശാന്ത്, ഗുരുപ്രസാദ്, പ്രതീഷ്, ഭരത്, സുഖേഷ് എന്നിവരെ കസ്റ്റഡിയിലെടുക്കുന്നതിൽ പോലീസ് വിജയിച്ചു. സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഉദ്യോഗസ്ഥർക്ക് മാർഗനിർദേശം നൽകുകയും ചെയ്തതായാണ് വിവരം.