നെഞ്ചില്‍ ചവിട്ടി യാത്രക്കാരനെ കര്‍ണാടക ആര്‍ടിസി ബസില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് കന്‍ഡക്ടര്‍; വീഡിയോ വൈറലായതോടെ നടപടിയുമായി അധികൃതര്‍;( ദൃശ്യങ്ങള്‍ കാണാം)

Latest ഇന്ത്യ

യാത്രക്കാരനെ കർണാടക ആർടിസി കൻഡക്ടർ മനുഷ്യത്വരഹിതമായി നെഞ്ചിൽ ചവിട്ടി ബസിൽ നിന്ന് പുറത്തേക്ക് തള്ളിയിടുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ നടപടിയുമായി അധികൃതർ. യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കെഎസ്ആർടിസി ബസ്കൻഡക്ടറെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

പുത്തൂർ ഡിപോയിലെ സുഖാജ് റൈക്കെതിരെയാണ് നടപടിയെടുത്തത്.ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ദക്ഷിണ കന്നഡയിലെ പുത്തൂർ താലൂകിലെഈശ്വരമംഗലത്ത് കെഎസ്ആർടിസി ബസ് നിർത്തിയപ്പോൾ യാത്രക്കാരൻ ബസിൽ കയറാനൊരുങ്ങുകയായിരുന്നു. എന്നാൽ കൻഡക്ടർ ബസിൽ കയറുന്നത് തടഞ്ഞു. ആദ്യം കയ്യിൽ നിന്ന് കുട പിടിച്ചുവാങ്ങി വാഹനത്തിൽ നിന്ന് പുറത്തേക്കെറിഞ്ഞു.

പിന്നീട് കൻഡക്ടർ യാത്രക്കാരനെ തല്ലുകയും ബലമായി പിടിച്ചുവലിക്കുകയും നെഞ്ചിൽ ചവിട്ടി ബസിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് യാത്രക്കാരൻ റോഡിലേക്ക് മറിഞ്ഞുവീഴുകയും കുറേനേരം അയാൾ അവിടെത്തന്നെ കിടക്കുകയും ചെയ്തു. പരിസരത്തുണ്ടായിരുന്ന ആരോ മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോയാണ് വൈറലായത്.സംഭവത്തിൽ തനിക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി പുത്തൂർ ഡിവിഷണൽ കൺട്രോളർ ജയകർ ഷെട്ടി പറഞ്ഞു.

‘വൈറലായ വീഡിയോ മുഴുവൻ ഞാൻ കണ്ടു, വസ്തുതകൾ ഞാൻ മനസിലാക്കി. ബുധനാഴ്ച വൈകുന്നേരം ഈശ്വരമംഗലയിലാണ് സംഭവം. ഒരു യാത്രക്കാരനെയും കൈയേറ്റം ചെയ്യാൻ ബസ് കൻഡക്ടർക്ക് അവകാശമില്ല. ഞങ്ങൾ ഇക്കാര്യം ഗൗരവമായി കാണുകയും കുറ്റാരോപിതനായ കൻഡക്ടറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ സംഭവം സംഭവിക്കാൻ പാടില്ലാത്തതാണ്. ഇത് മാപ്പർഹിക്കാത്തതാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *