ബിനോയ് വിശ്വം എംപിയുടെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനയെ പിന്തുണച്ച് സിപിഐ മുഖപത്രമായ ജനയുഗം.
ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും രാഷ്ട്രീയ ബദല്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.’കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെ എങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനവുമള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ്.
രാജ്യത്തിന്റെ മതനിരപേക്ഷത, പാര്‍ലമെന്ററി ജനാധിപത്യം, ഭരണഘടന മൂല്യങ്ങളും നിയമവാഴ്ചയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി നിലകൊള്ളുന്ന, ഒരു രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല നിഷ്പക്ഷമതികള്‍പോലും പരക്കെ അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
അത്തരം ഒരു ബദല്‍ സംവിധാനത്തിന്റെ സാമ്പത്തിക നയപരിപാടികളെ സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമല്ല കോണ്‍ഗ്രസിലെതന്നെ ഗണ്യമായ ഒരു വിഭാഗത്തിനും വ്യത്യസ്ത അഭിപ്രായവും വിമര്‍ശനവുമുണ്ട്.
എന്നാല്‍ ഇന്ന് രാജ്യം നേരിടുന്ന മുഖ്യവെല്ലുവിളി മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടന എന്നിവയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നിലനില്പും സംരക്ഷണവും തന്നെയാണ്.
അവിടെയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ബിജെപിക്കെതിരായ രാഷ്ട്രീയ ബദലിലുള്ള പ്രസക്തി.
ഇക്കാര്യത്തില്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പൂര്‍ണ തോതിലുള്ള അഭിപ്രായ ഐക്യമോ സമന്വയമോ നിലവില്‍ ഇല്ല എന്നതുകൊണ്ട് അവ സംബന്ധിച്ച സംവാദത്തെ രാഷ്ട്രീയ പ്രക്രിയയായി മാത്രമെ കാണേണ്ടതുള്ളു.’ ജനയുഗം എഡിറ്റോറിയയില്‍ പറയുന്നു.രാജ്യത്തെ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ അവഗണിച്ചുകൊണ്ട് ദേശീയ തലത്തില്‍ ഒരു രാഷ്ട്രീയ ബദല്‍ അസാധ്യമാവുമെന്നും സിപിഐ മുഖപത്രത്തില്‍ പറയുന്നു.
പ്രസ്താവനയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. ബിനോയ് വിശ്വം പറഞ്ഞത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് കാനം പറഞ്ഞു.