മംഗ്‌ളൂരു: മംഗ്‌ളൂരു ബജ്‌പെ വിമാന താവളത്തിലേയ്‌ക്കുള്ള പാതയിലെ പ്രധാന പാലങ്ങളില്‍ ഒന്നായ മറവൂര്‍ ബ്രിഡ്‌ജ് തകര്‍ന്നു. ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടതായി മംഗ്‌ളൂരു പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ളവര്‍ പമ്പ്‌വെല്‍, നന്തൂര്‍ ജംഗ്‌ഷന്‍ വഴി കൈക്കമ്പ- വാമഞ്ചൂര്‍- ഗുരുപുര- ബജ്‌പെ റൂട്ടിലൂടെ സഞ്ചരിച്ച് വിമാനത്താവളത്തില്‍ എത്തണമെന്നു പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
മംഗ്‌ളൂരു- ബജ്‌പെ- കട്ടീല്‍ റൂട്ടിലെ പ്രധാന നദികളില്‍ ഒന്നായ ഫല്‍ഗുണിപ്പുഴയ്‌ക്കു കുറുകെയുള്ള പാലമാണ് കനത്ത കുത്തൊഴുക്കില്‍ ഇന്നു പുലര്‍ച്ചെ തകര്‍ന്നത്. പാലത്തിന്റെ മധ്യഭാഗത്തെ തൂണ്‍ താഴ്‌ന്ന നിലയിലാണ്. ഈ സമയത്ത് ഇതുവഴിയെത്തിയ വാഹന യാത്രക്കാരാണ് പാലം അപകടത്തില്‍ ആയ കാര്യം അറിയിച്ചത്.
അപകടത്തെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇതോടെ വിമാനത്താവളം കട്ടീല്‍ ക്ഷേത്രം നെല്ലതീര്‍ത്ഥ ക്ഷേത്രം എന്നിവിടങ്ങളിലേയ്‌ക്കുള്ള യാത്രക്കാര്‍ കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കണം.