മംഗ്ളുറു: തലപ്പാടി ടോൾ ഗേറ്റിൽ ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതായി നവ് യുഗ് ഉഡുപി ടോൾവേ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. കാർ, ജീപ്, വാൻ അല്ലെങ്കിൽ മറ്റ് ലൈറ്റ് വെഹികിൾ എന്നിവയുടെ പുതുക്കിയ നിരക്ക് 50 രൂപയും (വൺവേ), 75 രൂപയുമാണ് (ടു-വേ – അതേ ദിവസം തിരിച്ച് വരികയാണെങ്കിൽ). ഒരു മാസത്തിൽ പരമാവധി 50 തവണ വരെ കടന്നുപോകുന്നതിന് പ്രതിമാസ പാസിന് 1720 രൂപ ആയിരിക്കും നിരക്ക്.
ലഘു വാണിജ്യ വാഹനങ്ങൾ (LCV), മിനി ബസുകൾക്ക് വൺ-വേയ്ക്ക് 80 രൂപയും ടു- വേയ്ക്ക് 120 രൂപയുമാണ് നിരക്ക്. പ്രതിമാസ പാസിന് 2655 രൂപ. ബസുകൾക്കും ട്രകുകൾക്കും വൺ-വേ 165 രൂപയും ടു-വേ 245 രൂപയുമാണ് പുതിയ നിരക്ക്. പ്രതിമാസ പാസിന് 5420 രൂപ.
കൂറ്റൻ നിർമാണ യന്ത്രങ്ങളടക്കമുള്ള ഹെവി വാഹനങ്ങൾക്ക് വൺവേക്ക് 250 രൂപയും ടു-വേക്ക് 370 രൂപയുമാണ് നിരക്ക്. പ്രതിമാസ പാസിന് 8250 രൂപയാണ് നിരക്ക്. വലിപ്പമേറിയ വാഹനങ്ങൾക്ക് വൺ-വേ നിരക്ക് 320 രൂപയും ടു-വേയ്ക്ക് 480 രൂപയും പ്രതിമാസ പാസിന് 10625 രൂപയും നൽകണം.
ടോൾ ഗേറ്റിന്റെ 20 കിലോമീറ്റർ ദൂരത്തിനുള്ളിൽ താമസിക്കുന്നവരുടെ വാണിജ്യേതര വാഹനങ്ങൾക്ക് പ്രതിമാസം 330 രൂപയാണ് നിരക്ക്. ഉഡുപി ജില്ലയിലെ ഹെജ്മാഡി, ഗുണ്ട്മി എന്നീ ടോൾ ഗേറ്റുകളിലും കമ്പനി നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.