ന്യൂഡല്‍ഹി: ഇന്ത്യയിൽ വിറ്റഴിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ സാനിറ്ററി പാഡുകളിൽ അർബുദത്തിന് വരെ കാരണമായേക്കാവുന്ന മാരക വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോക്സിക്സ് ലിങ്ക് എന്ന എൻജിഒ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പത്ത് ബ്രാൻഡുകളിലാണ് പഠനം നടത്തിയത്.
പാഡുകളിൽ അർബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഫലേറ്റുകളുടേയും അസ്ഥിര ജൈവസംയുക്തങ്ങളുടേയും സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ. ഫലേറ്റുകൾ അന്ധഃസ്രവി ഗ്രന്ഥി തകരാറുകൾ, പ്രത്യുൽപാദന വ്യവസ്ഥകൾക്ക് ആഘാതം, ജനനവൈകല്യങ്ങൾ തുടങ്ങിയവയ്ക്കും കാരണമാകും.
അസ്ഥിര ജൈവസംയുക്തങ്ങളുടെ സാന്നിധ്യം മസ്തിഷ്കവൈകല്യങ്ങൾ, ആസ്തമ, ശരീര വൈകല്യങ്ങൾ, പ്രത്യുൽപാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ ബാധിക്കുന്നതിന് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.
അസറ്റോൺ, ക്ലോറോഫോം, ബെൻസീൻ, ടോലുയിൻ തുടങ്ങിയ സംയുക്തങ്ങളുടെ അംശവും എല്ലാ പാഡുകളുടേയും സാമ്പിളുകളിൽ കണ്ടെത്തി. ജൈവം എന്ന് അവകാശപ്പെടുന്ന പാഡുകളിൽ പോലും മാരകമായ തോതിൽ ഫലേറ്റുകൾ അടങ്ങിയിട്ടുണ്ട്.
ജനനേന്ദ്രിയത്തിന് ചർമത്തേക്കാൾ ഉയർന്ന നിരക്കിൽ രാസവസ്തുക്കൾ ആഗിരണം ചെയ്യാൻ കഴിയുമെന്നും പഠനം പറയുന്നു.ഇന്ത്യയിൽ സാനിറ്ററി പാഡുകളുടെ ഘടനയിലും നിർമാണത്തിലും ഉപയോഗത്തിലും ഒരു നിയന്ത്രണവുമില്ല.
പാഡുകളിൽ അനുവദിക്കാവുന്ന രാസവസ്തുക്കൾ സംബന്ധിച്ച് സർക്കാറും ബന്ധപ്പെട്ട ഏജൻസികളും പ്രത്യേക മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും സാനിറ്ററി പാഡുകൾക്ക് പകരം മറ്റു മാർഗങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.