മൊഗ്രാൽ. മംഗലാപുരത്തേക്കും, മറ്റ് അന്യസംസ്ഥാനങ്ങളിലേക്കും രോഗികളെയും കൊണ്ടുപോകുന്ന വർക്കും, വിദ്യാർത്ഥികൾക്കും, മറ്റു കച്ചവട ആവശ്യങ്ങൾക്ക് പോകുന്നവർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമായിരിക്കെ ആർടിപിസിആർ ടെസ്റ്റ് റിപ്പോർട്ട് കിട്ടാൻ വൈകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു.
നേരത്തെ മണിക്കൂറിനുള്ളിൽ കിട്ടിക്കൊണ്ടിരുന്ന റിപ്പോർട്ടുകൾ ഇപ്പോൾ ദിവസങ്ങളോളം എടുക്കുന്നുവെന്നാണ് ആക്ഷേപം. ഇതുകാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണെന്ന് മൊഗ്രാൽ ദേശീയ വേദി പ്രസിഡണ്ട് മുഹമ്മദ്അബ്കോ പറഞ്ഞു. അതെ സമയം സ്വകാര്യാശുപതികളിൽ ആർടിപിസിആർ ടെസ്റ്റ് റിപ്പോർട്ട് 12മണിക്കൂറിനുള്ളിൽ ലഭിക്കുകയും ചെയ്യുന്നു. വിവരം ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതരെയും മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിനെയും അറിയിച്ചിട്ടുണ്ട്.
ടെസ്റ്റുകൾ കൂടി വരുന്നതിനാലാണ് കാലതാമസം എടുക്കുന്നത് എന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വാദം. ജില്ലയുടെ ടെസ്റ്റുകൾ മുഴുവൻ രണ്ട് ലാബുകളിൽ മാത്രമാണ് പരിശോധന നടത്തുന്നത്. ജനങ്ങളുടെ ദുരിതം മനസ്സിലാക്കി കൂടുതൽ ലാബുകളിൽ ടെസ്റ്റ് പരിശോധനയ്ക്ക് സാഹചര്യം ഒരുക്കണമെന്ന് മൊഗ്രാൽ ദേശീയ വേദി ആവശ്യപ്പെട്ടു.