മംഗ്ളുറു: യുവാവിനെ വാടക വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഹിന്ദു യുവസേനയുടെ സജീവ പ്രവർത്തകനായ കുംപല ഹനുമാൻ നഗറിലെ ജയന്ത് എസ് (49) ആണ് മരിച്ചത്. ഓടോറിക്ഷ ഡ്രൈവറായിരുന്നു. ഹനുമാൻ നഗറിൽ ഇദ്ദേഹത്തിന്റെ സ്വന്തം വീടിന്റെ നിർമാണം അവസാനഘട്ടത്തിലായിരുന്നു.
വെള്ളിയാഴ്ച മംഗ്ളൂറിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ തിരക്കിൽ ജയന്തിന് തന്റെ സ്മാർട് ഫോൺ നഷ്ടപ്പെട്ടിരുന്നുവെന്നും ശനിയാഴ്ച ഉച്ചവരെ ഫോൺ നഷ്ടപ്പെട്ടതിൽ അദ്ദേഹം വിഷാദത്തിലായിരുന്നുവെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് ഡൈജി വേൾഡ് റിപോർട് ചെയ്തു.
വൈകീട്ട് ജയന്തിന്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഹിന്ദു യുവസേനയുടെ പ്രാരംഭ ഘട്ടത്തിൽ ജയന്ത് നേതാവായി പ്രവർത്തിച്ചിരുന്നു. രണ്ട് ആൺമക്കളുമുണ്ട്.