കൊച്ചി: ഗൂഗിളില്‍ ഫ്ളിപ്പ് കാര്‍ട്ട് കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരഞ്ഞ ആലുവയിലെ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് എഴുപത്തിയേഴായിരം രൂപ.
ദീപാവലിക്ക് സ്മാര്‍ട്ട് ടിവിക്ക് ഓഫറുണ്ടോ എന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഗൂഗിളില്‍ ഫ്ളിപ്പ് കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരഞ്ഞത്.എന്നാല്‍, ലഭിച്ചത് വ്യാജ നമ്പറായിരുന്നു.
അതേസമയം, കിട്ടിയ നമ്പറില്‍ വീട്ടമ്മ ബന്ധപ്പെടുകയും ചെയ്തു.ഓഫര്‍ ഉണ്ടെന്നും അയച്ചു തരുന്ന ലിങ്കില്‍ ഉളള ഫോറം ഫില്‍ ചെയ്തു നല്‍കാനും സംഘം പറഞ്ഞു.ഫ്ളിപ്പ് കാര്‍ട്ടിന്റേതാണെന്നു തോന്നിക്കുന്ന തരത്തിലുളള ലിങ്കും ഒപ്പം ഒരു ഫോമും അയച്ചു നല്‍കി.
അതില്‍ പേരും അക്കൗണ്ട് നമ്പറും ബാങ്ക് യുപിഐ ഐഡി വരെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.വീട്ടമ്മ വിവരങ്ങളെല്ലാം നല്‍കുകയും ചെയ്തു. ഉടനെ ഒരു എസ്എംഎസ് വന്നു. ആ സന്ദേശം സംഘം നിര്‍ദ്ദേശിച്ച മൊബൈല്‍ നമ്പറിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടു.
വീട്ടമ്മ ഉടനെ അയക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ ഓണ്‍ലൈന്‍ നെറ്റ് ബാങ്കിങ്ങിന്റെ നിയന്ത്രണം തട്ടിപ്പുസംഘത്തിന്റെ കൈകളിലായി.സംഘം മൂന്നു പ്രാവശ്യമായി 25,000 വച്ച് 75,000 രൂപ ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചര്‍ വാങ്ങുകയും 2000 രൂപ അക്കൗണ്ട് ട്രാന്‍സ്ഫര്‍ നടത്തുകയും ചെയ്തു.
പണം നഷ്ടപ്പെട്ട വീട്ടമ്മ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കി. തുടര്‍ന്ന് സൈബര്‍ പോലിസ് സ്റ്റേഷനില്‍ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തി. തട്ടിപ്പ് സംഘം ഈ തുക ഉപയോഗിച്ച് ഓണ്‍ലൈല്‍ വ്യാപാര സൈറ്റുകളില്‍ നിന്ന് അമ്പതിനായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ വാങ്ങിയെന്നും ഇരുപത്തയ്യായിരം രൂപയുടെ പര്‍ച്ചേസ് നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
തുടര്‍ന്ന് പോലീസിന്റെ സമയോചിതമായ ഇടപെടല്‍ നിമിത്തം സംഘം നടത്തിയ ബാങ്ക് ഇടപാട് ഫ്രീസ് ചെയ്യിപ്പിച്ചു. വീട്ടമ്മയുടെ അക്കൗണ്ടില്‍ പണം തിരികെയെത്തിക്കുകയും ചെയ്തു.