തിരുവനന്തപുരം: കോഴിക്കോട്ടെ ആശുപത്രിയിൽ ഡോക്ടറെ അക്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡോക്ടർമാർ ഇന്ന് പണിമുടക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഐഎംഎയുടെ നേതൃത്വത്തിലുളള സമരം. ഇതിനോടനുബന്ധിച്ച് സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ഒ പി വിഭാഗം പ്രവർത്തിക്കില്ല. അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവർത്തിക്കുക.
മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ ഉണ്ടാകില്ലെങ്കിലും അടിയന്തര ശസ്ത്രക്രിയകൾ നടത്തും. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയ വിഭാഗവും മാത്രമേ പ്രവർത്തിക്കുകയുള്ളൂ.കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച പ്രതികളെ പിടികൂടാത്തതിലും, തുടർച്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലുമാണ് ഒ പി ബഹിഷ്കരിച്ചുകൊണ്ടുള്ള ഡോക്ടർമാരുടെ സമരം.
കേരള ഗവൺമെന്റ് പോസ്റ്റ് ഗ്രാജുവെറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗവൺമെന്റ് സ്പെഷലിസ്റ്റ് ഡോക്ടർസ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവയും പണിമുടക്കിൽ പങ്കെടുക്കും.കോഴിക്കോട് സംഭവത്തിലെ എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക എന്നുള്ളതാണ് ഡോക്ടർമാർ ഒന്നടങ്കം ഉന്നയിക്കുന്ന സുപ്രധാന ആവശ്യം.
ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ആശുപത്രി ആക്രമണങ്ങളെക്കുറിച്ച് ഹൈക്കോടതി, നിർദ്ദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുക, ഫാത്തിമ ആശുപത്രിയിൽ ആക്രമണം നടന്നപ്പോൾ പ്രതികൾ രക്ഷിക്കപ്പെടുവാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുക, പ്രതിഷേധ സമരം നടത്തിയ ഡോക്ടർമാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക, തുടങ്ങിയവയാണ് ഐഎംഎ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങൾ.