കോഴിക്കോട്: വിദേശത്ത് വെച്ച മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാവാതെ ഭാര്യയും മക്കളും. 62 കാരനായ പ്രവാസിയുടെ ദുരവസ്ഥ പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകനും സുഹൃത്തുമായ അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
മരണവിവരം അറിയിച്ചപ്പോള്‍ മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അറിയിച്ചതായാണ് ആരോപണം.തുടര്‍ന്ന് വേറെ വഴിയില്ലാതെ വിവരം നാട്ടിലുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു.
എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം പൊലീസ് സ്‌റ്റേഷനില്‍ എഴുതി അറിയിക്കുകയായിരുന്നു എന്നാണ് ലഭിച്ച വിവരം എന്നും സുഹൃത്ത് പറയുന്നു.പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലില്‍ പണിയെടുത്ത് കിട്ടുന്നതില്‍ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാള്‍ അയച്ചുകൊണ്ടിരുന്നു. രാവും പകലും വിശ്രമമില്ലാതെ ജോലിയെടുത്ത് നാട്ടില്‍ മനോഹരമായ വീട് നിര്‍മിച്ചു.
അതയാളെ വീണ്ടും കടത്തിലാഴ്ത്തിയിരുന്നു. പല കാരണങ്ങളാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി അദ്ദേഹത്തിന് നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യ നിഷേധിച്ച പ്രവാസിയുടെ ശരീരം അവസാനം അയാളുടെ സഹോദരിയുടെ മക്കളാണ് ഏറ്റെടുക്കാന്‍ തയ്യാറായത് എന്നും അഷ്‌റഫ് പറയുന്നു.