കലോത്സവത്തിൽ തിളങ്ങി ദുർഗ എച്ച്.എസ്.എസ്.; അഭിമാനത്തിൽ കാസർകോട്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാസർകോടിന്റെ യശസ് ഉയർത്തി ദുർഗ. ഹയർസെക്കൻഡറി വിഭാഗത്തിൽ ഓവറോൾ കീരീടമാണ് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ അണിഞ്ഞത്.

ഹൈസ്കൂൾ-ഹയർസെക്കൻഡറി ഓവറോൾ ചാമ്പ്യൻ ഷിപ്പിൽ മൂന്നാം സ്ഥാനവും നേടി. 114 പോയിന്റ് നേടിയാണ് ദുർഗ മൂന്നാം സ്ഥാനത്തെത്തിയത്. 156 പോയിന്റ് നേടിയ പാലക്കാട് ആലത്തൂർ ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും 142 പോയിന്റോടെ തിരുവനന്തപുരം വഴുതക്കാട് കാർമൽ സ്കൂൾ രണ്ടാം സ്ഥാനവും നേടി.ഹയർസെക്കൻഡറി വിഭാഗത്തിൽ പാലക്കാട് ഗുരുകുലം സ്കൂളിനെ പിന്നിലാക്കിയാണ് ദുർഗ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. 71 പോയിന്റ് ലഭിച്ചു. സംസ്കൃതോത്സവത്തിൽ 40 പോയിന്റ് നേടി ദുർഗ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ആറാം സ്ഥാനവും ദുർഗയ്ക്കു ലഭിച്ചു.

കലോത്സവത്തിൽ പങ്കെടുത്ത 631 സ്കൂളുകളുടെ പട്ടികയിൽ തിളക്കമാർന്ന പ്രകടനത്തോടെ മുൻ നിരയിലെത്തിയ ദുർഗ ഹയർസെക്കൻഡറി സ്കൂളിനെ കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി.കെ.വാസു അഭിനന്ദിച്ചു.പ്രിൻസിപ്പൽ വി.വി.അനിത, പ്രഥമധ്യാപകൻ വിനോദ്കുമാർ മേലത്ത്, ജനറൽ കൺവീനർ വിനോദ്പുറവങ്കര, ജോയിന്റ് കൺവീനർ കെ.പി.ഹരികൃഷ്ണൻ, ഹയർസെക്കൻഡറി വിഭാഗം കൺവീനർ രൂപരാജൻ എന്നിവരുടെ നേതൃത്വത്തിൽ ‘ദുർഗ’ യുടെ 150 ലേറെ പ്രതിഭകളാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയിൽ പങ്കെടുത്ത് കോഴിക്കോട്ടെ തട്ടകത്തിൽ മാറ്റുരച്ചത്. പങ്കെടുത്ത എട്ട് ഗ്രൂപ്പിനങ്ങളിലും എ ഗ്രേഡ് നേടി ഹയർസെക്കൻഡറി വിഭാഗം മത്സരാർഥികൾ വിജയത്തിളക്കം കൂട്ടി. ഒപ്പന, തിരുവാതിര, കൂടിയാട്ടം, നാടകം, ചെണ്ടമേളം, പരിചമുട്ട്, കോൽക്കളി, സംഘഗാനം എന്നിവയിലാണ് എ ഗ്രേഡ് നേടിയത്.

വ്യക്തിഗത ഇനങ്ങളിൽ മത്സരിച്ച എട്ടെണ്ണത്തിൽ മോണോ ആക്ട്(പെൺ), ഓട്ടംതുള്ളൽ, കഥകളി സംഗീതം, കവിതാരചന (ഇംഗ്ലീഷ്), ഉപന്യാസം (ഹിന്ദി), കവിതാരചന (സംസ്കൃതം) എന്നീ ആറിനങ്ങളിലും എ ഗ്രേഡ് നേടി. പത്തുവർഷം മുൻപ് മൂന്നുതവണ തുടർച്ചയായി ഹയർസെക്കൻഡറി വിഭാഗം ഓവറോൾ ചാമ്പ്യൻപട്ടം നേടിയിരുന്നു. കലോത്സവ താരങ്ങളെ മാനേജർ കെ.വേണുഗോപാലൻ നമ്പ്യാരും പി.ടി.എ. പ്രസിഡന്റ് വി.ശ്രീജിത്ത് എന്നിവർ അഭിനന്ദിച്ചു.

രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യർഥിനി അക്ഷര പദ്മ, ഒന്നാം വർഷ സയൻസ് വിദ്യാർഥി അമർദേവ് പവിത്രൻ എന്നിവർ ഏറ്റവും കൂടുതൽ പോയിന്റ് നേടി ദുർഗയുടെ അഭിമാന താരങ്ങളായി.

Leave a Reply

Your email address will not be published. Required fields are marked *