കോഴിക്കോട്: ഓൺലൈൻ ക്ലാസിൽ നിന്ന് മോചിതരായി കുട്ടികൾ സ്കൂളിലെ ക്ലാസ് മുറികളിലേക്ക് മടങ്ങിയെങ്കിലും അവരെ ഒളിഞ്ഞിരുന്ന് പിന്തുടരുന്നുണ്ട് ഓൺലൈൻ പഠനകാലത്ത് വല വീശിയെറിഞ്ഞവർ.
കഴിഞ്ഞ ദിവസം അശ്ശീല വീഡിയോ കോൾ ചെയ്ത് 20 പെൺകുട്ടികളെ പീഡിപ്പിച്ച കട്ടപ്പനയിലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഓൺലൈൻ പഠനകാലത്ത് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ വലയിൽ വീഴ്ത്തിയവരാണ് അവരെ വിടാതെ പിന്തുടരുന്നത്. വീഡിയോകോൾ ചെയ്ത് ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ കരസ്ഥമാക്കി പെൺകുട്ടികളെ വലയിൽ വീഴ്ത്തുകയാണ് ചെയ്യുന്നത്.
ആരോടെങ്കിലും പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്താക്കുമെന്ന ഭീഷണിയിൽ നിസ്സഹായരായി പോവുകയാണ് പെൺകുട്ടികൾ.
കോവിഡ് വ്യാപനത്ത തുടർന്ന് ലോക്ഡൗൺ നിലവിൽ വരികയും ക്ലാസുകൾ ഓൺലൈനാവുകയും ചെയ്തതോടെയാണ് ഇത് മുതലാക്കി കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായത്.
പഠനത്തിന്റെ പേരിൽ മൊബൈൽ ഫോണും കമ്പ്യൂട്ടറും കുട്ടികൾ യഥേഷ്ടം കൈകാര്യം ചെയ്യുന്നത് മനസിലാക്കിയാണ് സൈബർ കുറ്റവാളികൾ ഇവരെ ചതിക്കുഴിയിലാക്കാൻ വലവിരിക്കുകയായിരുന്നു. ഒരിക്കൽ ഇത്തരക്കാരുമായി ചാറ്റ് ചെയ്ത് പോയാൽ പിന്നെ അവരെ വിടാതെ പിന്തുടരുകയാണ് ചെയ്യുന്നത്.