കുമളി: ഇടുക്കി കുമളിക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. കമ്പം-തേനി ദേശീയപാതയിൽ ലോവർക്യാമ്പിന് സമീപം ഏഴാംവളവിലാണ് അപകടം. തമിഴ്നാട് തേനി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരിൽ ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ്(46), ദേവദാസ്(55), ശിവകുമാർ(45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി(55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി(60), ഷണ്മുഖ സുന്ദരപുരം സ്വദേശി വിനോദ് കുമാർ(43) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുംവഴിയാണ് അപകടമുണ്ടായത്.
വാഹനത്തിൽ കുട്ടിയുൾപ്പടെ പത്ത് പേരാണ് ഉണ്ടായിരുന്നത്. ഏഴ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്. വാഹനത്തിൽ നിന്ന് തെറിച്ചുവീണ കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്.
കനത്ത മൂടൽമഞ്ഞാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കുമളി പൊലീസും പ്രദേശവാസികളും തമിഴ്നാട് പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.