തെരഞ്ഞെടുപ്പ് തിരിച്ചടി: ഷാജിയും ഫിറോസും ഉള്‍പ്പെടെ പത്തംഗ സമിതിയെ നിയോഗിച്ച്‌ മുസ്‌ലിംലീഗ്

Latest കേരളം രാഷ്ട്രീയം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാന്‍ ഉപസമിതിയെ നിയോഗിച്ച്‌ മുസ്‌ലിംലീഗ്. പിഎംഎ സലാം, കെപിഎ മജീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, കെഎം ഷാജി, പികെ ഫിറോസ്, എന്‍ ഷംസുദ്ദീന്‍, പിഎം സാദിഖലി എന്നിവര്‍ അടങ്ങുന്ന പത്തംഗ സമിതിയാണ് രൂപവത്കരിച്ചത്. ലീഗ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമിതിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.
ഉപസമിതി അടുത്ത ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തക സമിതിക്ക് സമര്‍പ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഓരോ മണ്ഡലവും സമിതി പരിശോധിക്കും.
അഭിപ്രായങ്ങള്‍ ക്രോഢീകരിക്കും. തലമുറ മാറ്റം അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നേതൃമാറ്റം ചര്‍ച്ചയായില്ല. ലീഗിന് ലീഗിന്റേതായ കീഴ്‌വഴക്കമുണ്ട്. അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കും. കോവിഡും ഹൈദരലി തങ്ങളുടെ അസുഖവുമാണ് യോഗം ഇത്ര നീണ്ടത്- നേതാക്കള്‍ പറഞ്ഞു.
കേരള നിയമസഭയില്‍ പ്രതിപക്ഷം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫില്‍ ഏകോപനമില്ലായ്മ ഉണ്ടായിട്ടില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യയില്‍ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഉള്ളതാണ്. അതില്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളം ചേര്‍ക്കരുത്- കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കെഎം ഷാജിക്ക് എതിരെയുള്ള വിജിലന്‍സ് അന്വേഷണം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഷാജിക്കെതിരെ നടക്കുന്നത് സര്‍ക്കാര്‍ വേട്ടയാണ് എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ് എന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 27 മണ്ഡലങ്ങളില്‍ മത്സരിച്ച ലീഗിന് 15 ഇടത്ത് മാത്രമാണ് ജയിക്കാനായിരുന്നത്. സിറ്റിങ് സീറ്റുകളായ കുറ്റ്യാടി, കളമശ്ശേരി, കോഴിക്കോട് സൗത്ത്, അഴീക്കോട് എന്നിവ ലീഗിന് നഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *