ഉദുമ ▪️കോവിഡ് വ്യാപന വര്‍ധനവും ഉയര്‍ന്ന ടി.പി.ആര്‍. നിരക്കും കാരണം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവിലുള്ള ഉദുമയില്‍ പഞ്ചായത്ത് ജാഗ്രത സമിതി പ്രഖ്യാപിച്ച കടുത്ത നിയന്ത്രണത്തിന് ഇളവ്. ബുധനാഴ്ച മുതല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടന നേതാക്കള്‍, ഡ്രൈവേര്‍സ് യൂണിയന്‍ നേതാക്കള്‍, പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മറ്റി, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍, മാഷ് കോ-ഓര്‍ഡിനേറ്റര്‍ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. മത്സ്യതൊഴിലാളികള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടും. പരിശോധന ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കും. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ക്ഷേത്രങ്ങള്‍, മസ്ജിദുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബുകള്‍, എന്നിവരോട് സഹായം അഭ്യര്‍ത്ഥിച്ച് കത്ത് നല്‍കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രോഗ വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.